വ്യാഴാഴ്‌ച, മേയ് 21, 2026


ബേക്കൽ: ചിറ്റാരി ഭാഗത്ത് നിന്ന് അനധികൃതമായി പുഴമണൽ കടത്തുന്നതിനിടെ പിക്കപ്പ് വാഹനം പൊലീസ് പിടികൂടി. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.


ബേക്കൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അഖിൽ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വ്യാഴാഴ്ച പുലർച്ചെ 5.30 മുതൽ പള്ളിക്കര പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ചിറ്റാരി ഭാഗത്ത് നിന്ന് ബേക്കൽ ജംഗ്ഷൻ ഭാഗത്തേക്ക് അതിവേഗത്തിലും അപകടകരമായ രീതിയിലും എത്തിയ മഹീന്ദ്ര പിക്കപ്പ് വാഹനത്തിന് പൊലീസ് കൈകാണിച്ച് നിർത്താൻ നിർദേശം നൽകി.


വാഹനം നിർത്തിയ ഉടൻ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് സംഘം പിന്തുടർന്നെങ്കിലും ഇയാൾ ഇരുട്ടിൽ മറഞ്ഞതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ KL 60 B 5432 നമ്പർ മഹീന്ദ്ര പിക്കപ്പ് വാഹനത്തിന്റെ പിൻഭാഗത്ത് 27 പ്ലാസ്റ്റിക് ചാക്കുകളിലായി പുഴമണൽ കയറ്റിയ നിലയിൽ കണ്ടെത്തി.


മണലിൽ നനവും വാഹനത്തിന്റെ ബോഡിയിൽ വെള്ളപ്പാടുകളും ഉണ്ടായിരുന്നതിനാൽ ഇത് ചിറ്റാരി പുഴയിൽ നിന്ന് അനധികൃതമായി കടത്തിയ സർക്കാർ ഉടമസ്ഥതയിലുള്ള പുഴമണലാണെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് രണ്ട് സാമ്പിളുകൾ ശേഖരിച്ച് മഹസർ തയ്യാറാക്കി വാഹനം കസ്റ്റഡിയിലെടുത്തു.


സംഭവത്തിൽ ബേക്കൽ പൊലീസ് Cr.No. 329/26 ആയി കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 281, 305(e) വകുപ്പുകളും കേരള പുഴമണൽ സംരക്ഷണ നിയമത്തിലെ വകുപ്പ് 20ഉം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ