വെള്ളിയാഴ്‌ച, മേയ് 29, 2026


▪ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും

▪ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കും

▪ ഇന്ദിരാഗാന്ധിയുടെ പേരിൽ ഇൻഷുറൻസ് പദ്ധതി

▪ സ്ത്രീകൾക്ക് സൗജന്യയാത്ര

▪ വിദ്യാർത്ഥിനികൾക്ക് 1500 രൂപ

▪ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി

▪ സ്വകാര്യ മേഖലകളില്‍ പ്രസവ അവധി നിര്‍ബന്ധം

 ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വന്‍ വാഗ്ദാനങ്ങള്‍ 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തീകനില വ്യക്തമാക്കിക്കൊണ്ടും അതേസമയം തന്നെ പുതിയ കേരളത്തെ സൃഷ്ടിക്കുമെന്നും പൂര്‍ണ്ണമായും അഴിമതിരഹിത ഭരണം ഉറപ്പ് നല്‍കിക്കൊണ്ടും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തി. വളര്‍ച്ചയും സമത്വവും മതേതരത്വവും ഉറപ്പാക്കുമെന്നും സമഗ്ര മേഖലയിലും വികസനം കൊണ്ടുവരുമെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പെന്‍ഷന്‍ പദ്ധതികള്‍ക്കും ലഹരിക്കെതിരേ പോരാട്ടത്തിനും സഹകരണ, ആരോഗ്യമേഖലയെ ശക്തിപ്പെടുത്തലിനും മുന്‍തൂക്കം നല്‍കിക്കൊണ്ടും പുതുകേരളം ലക്ഷ്യമിട്ടുമായിരുന്നു പ്രസംഗം. കെ.എസ്.ആര്‍.ടി.സി യില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉള്‍പ്പെടെ ഇന്ദിരാഗ്യാരന്റിയിലും പ്രഖ്യാപനങ്ങളും പട്ടികയിലുണ്ട്. ആരോഗ്യം, കൃഷി, സഹകരണം, ഊര്‍ജ്ജം, പരിസ്ഥിതി സംരക്ഷണം, ടുറിസം, ഐടി, സിനിമ തുടങ്ങി സമസ്ത മേഖലയിലും പരിഷ്‌ക്കരണം ലക്ഷ്യമിടുന്നതായി വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.   സുസ്ഥിര വികസനപദ്ധതിക്ക് പ്രോത്സാഹനം നല്‍കും. മതനിരപേക്ഷത ഉറപ്പാക്കും. സേവനമേഖല ശക്തിപ്പെടുത്തും.വളര്‍ച്ചയും സമത്വവും ഉറപ്പാക്കും. അഴിമതിമുക്ത ഭരണം നടപ്പാക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തകര്‍ന്നുപോയ സഹകരണ, ആരോഗ്യമേഖലകളുടെ വിശ്വാസം തിരിച്ചുപിടിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. അതേസമയം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തീകനില പ്രതിസന്ധിയിലാണെന്നും സാമ്പത്തീക അച്ചടക്കം പാലിക്കുമെന്നും ഇതിനായി മുണ്ടുമുറുക്കിയുടുക്കുമെന്നും പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും സാമ്പത്തീകനീതി പ്രതീക്ഷിക്കുന്നതായും ഖജനാവില്‍ എത്രയുണ്ടെന്ന് വ്യക്തമാക്കാന്‍ ധവളപത്രം ഉടനിറക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

ഹരിക്കെതിരേ സന്ധിയില്ല   പോലീസ് സംവിധാനം ആധുനിക വല്‍ക്കരിക്കും ഇവ ജനസൗഹൃദമാക്കി മാറ്റും. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയും. പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പരാമര്‍ശിച്ച ഗവര്‍ണര്‍ സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം തടയാന്‍ കര്‍ശനമായ നടപടിയെടുക്കുന്ന രീതിയില്‍ എക്‌സൈസ് വകുപ്പ് നവീകരിക്കുമെന്നും പ്രഖ്യാപിച്ചു. എക്‌സൈസ് ഇന്റലിജന്റ്‌സ് ശക്തിപ്പെടുത്തുമെന്നും ലഹരിക്ക് പൂട്ടിടാന്‍ നെറ്റ് വര്‍ക്കുകള്‍ തകര്‍ത്ത് സ്‌കൂള്‍, കോളേജ് ക്യാമ്പസുകളെ ലഹരി മുക്തമാക്കുമെന്നും മദ്യവര്‍ജ്ജനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും പറഞ്ഞു. മയക്കുമരുന്ന് വരവ് തടയാന്‍ കര്‍ശന നടപടിയെടുക്കും. ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.

സഹകരണമേഖലയെ ക്ലീനാക്കും


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്‍ വിവാദത്തിലായ സഹകരണമേഖല ക്ലീനാക്കിയ ശേഷം ശക്തിപ്പെടുത്തും. നിക്ഷേപം കൃത്യസമയത്ത് മടക്കി നല്‍കും. സഹകരണസംഘങ്ങളില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും സഹകരണമേഖല അഴിമതി മുക്തമാക്കുമെന്നും മേഖലയെ ശക്തമായി നിരീക്ഷിക്കുമെന്നും സഹകരണവിജിലന്‍സ് കാര്യക്ഷമമാക്കുമെന്നും പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമായ ആരോഗ്യമേഖലയില്‍ സമഗ്ര പരിഷ്‌ക്കരണം ഉണ്ടാക്കും. സേവനമേഖലയില്‍ വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും പറഞ്ഞു. പാലിയേറ്റീവ് കെയറിന് പ്രാധാന്യം നല്‍കും. ഡിമന്‍ഷ്യരോഗികള്‍ക്ക് പ്രത്യേക പരിചരണം നല്‍കും. അവരുടെ സംരക്ഷണം ഉറപ്പാക്കും. ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുമെന്നും പറഞ്ഞു.


ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കും. വ്യവസായത്തിന് ഭൂമി കണ്ടെത്താന്‍ ലാന്റ്ബാങ്ക് നടപ്പാക്കും. ഭൂമിസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യൂവകുപ്പിനെ ഡിജിറ്റലാക്കും. ഭൂനയങ്ങളില്‍ സമഗ്ര പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരും.

പെന്‍ഷന്‍ 3000 ആക്കി ഉയര്‍ത്തും


കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയ്ക്ക് പുറമേ പെന്‍ഷനുകള്‍ 3000 ആക്കി ഉയര്‍ത്തുന്ന കാര്യവും പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു. രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി 'വയോമിത്രം' പദ്ധതി കൊണ്ടുവരികയും ചെയ്തു. വയോജനങ്ങള്‍ക്കായുള്ള പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. നഗരങ്ങള്‍ ഘട്ടംഘട്ടമായി വയോജനസൗഹൃദമാക്കുമെന്നും പറഞ്ഞു. വിലക്കയറ്റം തടയുന്നതിനായി കൂടുതല്‍ മാവേലിസ്‌റ്റോറുകളും റേഷന്‍കടകളും കൊണ്ടുവന്ന് സാധാരണക്കാര്‍ക്ക് കുടുതല്‍ പിന്തുണ നല്‍കും.


മാലിന്യസംസ്‌ക്കരണത്തിന് സംവിധാനം ഉണ്ടാക്കി നദികളെ സംരക്ഷിക്കും. ഊര്‍ജ്ജസംരക്ഷണത്തിന് വിപുലമായ പദ്ധതി. കൂടുതല്‍ പ്രോത്സാഹനം നല്‍കി സോളാര്‍ വൈദ്യുതിക്ക് പദ്ധതികള്‍ നടപ്പാക്കും. സോളാര്‍ റീചാര്‍ജ്ജ് കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കും. എല്ലാവര്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുകയൂം മഴവെള്ള സംഭരണത്തിന് കുടുതല്‍ ഊന്നല്‍ നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.


വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ത്തവ അവധി


വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കും. പ്ലസ്‌വണ്ണിന് എല്ലാ ജില്ലകളിലും സീറ്റ് വര്‍ദ്ധിപ്പിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവുറ്റതാക്കാന്‍ അക്കാദമിക സിന്‍ഡിക്കേറ്റ് രൂപീകരിക്കും. വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം കുറയ്ക്കാന്‍ നടപടികള്‍ കൊണ്ടുവരും. കേരളാ ഐടി മിഷന്‍ ഇനി ഡിജിറ്റല്‍ മിഷനാകും. എഐയ്ക്ക് ഊന്നല്‍ നല്‍കി മീഡിയാ സിറ്റി സ്ഥാപിക്കും. ഡിജിറ്റല്‍ മിഷനില്‍ എഐ യെയും കൊണ്ടുവരും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയുണ്ടാക്കും. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവ്. ദേവസ്വത്തിലും ഇവര്‍ക്ക് നിയമനം ഉറപ്പാക്കും.


ഐഎഫ്എഫ്‌കെ മറ്റുനഗരങ്ങളിലേക്കും


ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കും. മെഡിക്കല്‍, അക്കാദമിക്, തീര്‍ത്ഥാടന, ഡെസ്റ്റിനേഷന്‍ ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം വികസനത്തിനായി അനേകം പദ്ധതികള്‍ കൊണ്ടുവരും. കേരളത്തെ തുറമുഖ ഹബ്ബാക്കും. പുതിയ സിനിമാനയം രൂപീകരിക്കും. ഐഎഫ്എഫ്‌കെ മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വഖഫ് ആധുനികവത്ക്കരിക്കുകയും സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യും. സംരക്ഷിക്കാന്‍ ഉപാധിരഹിത പട്ടയം നടപ്പാക്കും. മത്സ്യബന്ധനമേഖലയെ ആധുനികവല്‍ക്കരിക്കും മത്സത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി.


ഇതരതൊഴിലാളികള്‍ക്ക് പ്രത്യേക പോര്‍ട്ടലുകള്‍ നല്‍കും. ബൈപ്പാസുകള്‍ നാലുവരിയാക്കും. സ്‌പോര്‍ട്‌സ് മേഖലയെ വികസിപ്പിക്കാന്‍ കായിക പരിശീലന കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ