ചൊവ്വാഴ്ച, ജൂൺ 02, 2026



കാസർഗോഡ്: ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജിനോട് അനുബന്ധമായി പ്രവർത്തനം ആരംഭിച്ച ഗവൺമെൻ്റ് നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ സമരത്തിൽ. ഹോസ്റ്റൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്നത്.


നഴ്‌സിങ് കോളേജിൽ ആദ്യ ബാച്ച് വിദ്യാർഥികളെത്തുമ്പോൾ സ്വന്തം കെട്ടിടവും ഹോസ്റ്റൽ സൗകര്യവും ഉടൻ ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ മൂന്നു ബാച്ചുകളിലായി 179 കുട്ടികൾ പഠിക്കുമ്പോഴും അടിസ്ഥാന ആവശ്യം പോലും ഇതുവരെ ഒരുക്കിയിട്ടില്ല. കടുത്ത അവഗണനയാണ് തങ്ങൾ നേരിടുന്നത് വിദ്യാർഥികൾ പറയുന്നു.


താമസത്തിനും മറ്റുമായി വലിയ തുക മുടക്കിയാണ് സാധാരണക്കാരായ നിരവധി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നത്. ഭാഗികമായി പൂർത്തിയായ മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക് താൽക്കാലികമായെങ്കിലും താമസസൗകര്യം ഒരുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ നിഷേധ നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഇതോടെയാണ് വിദ്യാർഥികൾ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.


സർക്കാർ കോളേജിൽ മെറിറ്റിൽ പ്രവേശനം നേടിയിട്ടും വലിയ തുക പഠനാവശ്യങ്ങൾക്കായി ചെലവ് വരുന്നതായി വിദ്യാർഥികൾ പറഞ്ഞു. 10 കുട്ടികൾക്ക് ഒന്ന് എന്ന വീതം അധ്യാപകർ വേണ്ടതാണ്. എന്നാൽ പ്രിൻസിപ്പാൾ അടക്കം 5 പേരാണ് ഇവിടെ ഉള്ളത്.


ഗവ. മെഡിക്കൽ കോളേജിൽ കിടത്തിചികിത്സ സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകൾക്കപ്പുറമുള്ള കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിയാണ് പ്രായോഗിക പരിശീലനം നടത്തുന്നത്. പെൺകുട്ടികൾ ഉൾപ്പെടെ താമസിക്കുന്ന അന്തർ സംസ്ഥാന പാതയ്ക്ക് സമീപം സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ