കന്നുകാലി കശാപ്പ് നിയന്ത്രണം: കേന്ദ്രവിജഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

കന്നുകാലി കശാപ്പ് നിയന്ത്രണം: കേന്ദ്രവിജഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രവിജഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര വിജ്ഞപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം പാസാക്കിയത്. ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. വോട്ടെടുപ്പ് വേണമെന്ന് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടില്ല.

കശാപ്പിനുള്ള കന്നുകാലി വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര ഉത്തരവ് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വില്‍പന നിയന്ത്രണം നാട്ടിന്‍പുറത്തെ കര്‍ഷകരെ സാരമായി ബാധിക്കും. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച് പറഞ്ഞു. വര്‍ഗീയധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടത്തിനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മൂലം സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതരസാഹചര്യം ചര്‍ച്ചചെയ്യാനാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്.

അതേസമയം, നരേന്ദ്രമോദി അഭിനവ ഹിറ്റ്‌ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ സംരക്ഷിക്കാനിറങ്ങുന്നവര്‍ പുരാണങ്ങള്‍ വായിക്കണം. മാംസഹാരത്തെയും മൃഗബലിയെയും കുറിച്ചുളള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ധാരാളമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ നടത്തിയ പ്രമേയ ചര്‍ച്ചയെ എതിര്‍ത്ത് കെ.എം മാണി. കേരളത്തിന് ബാധകമാകാത്ത കാര്യം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് കെ.എം മാണി ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ചചെയ്യുന്നത് ഉചിതമാണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും മാണി നിയമസഭയില്‍ പറഞ്ഞു.

കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്‍കിട കച്ചവടക്കാരെ സഹായിക്കാനെന്ന് വി.എസ് അച്യുതാനന്ദന്‍. വിപണിയിലും വര്‍ഗീയത കലര്‍ത്താനാണ് കേന്ദ്രത്തിന്റെശ്രമമെന്നും വി.എസ് കുറ്റപ്പെടുത്തി.

Post a Comment

0 Comments