നിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ രണ്ടു മക്കള്‍ക്കും പനി; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിപ്പാ വൈറസ് ബാധിച്ച് മരിച്ച ലിനിയുടെ രണ്ടു മക്കള്‍ക്കും പനി; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രണ്ടു മക്കയെും പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

സാധാരണ പനിയാണ് കുട്ടികള്‍ക്കുള്ളത്. തുടര്‍ന്നാണ് നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത വ്യക്തമാക്കി.

നേരത്തെ  ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി.

19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

Post a Comment

0 Comments