റിയാദ്: എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ സൗദി അറേബ്യയിലെ ഹോട്ടലിലെ ജിമ്മില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിത്‌വിക് തിവാരി (27) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഹോട്ടലിലെ വാഷ്‌റൂമിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.
എയര്‍ ഇന്ത്യയിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു തിവാരി. ഹോട്ടല്‍ ഹോളിഡേ ഇന്നിലെ ജിമ്മില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് എയര്‍ ഇന്ത്യ പറയുന്നു. ശുചിമുറിയില്‍ കിടന്ന മൃതദേഹം തിവാരിയുടെ സഹപ്രവര്‍ത്തക ക്യാപ്റ്റന്‍ രേണു മൗലയ് ആണ് തിരിച്ചറിഞ്ഞത്.
പൈലറ്റിന്റെ മരണം റിയാദിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും ഹൃദയാഘാതമാണോ മരണകാരണമെന്ന് പരിശോധിച്ചുവരികയാണെന്നും കൗണ്‍സിലര്‍ അനില്‍ നൗതിയാല്‍ പറഞ്ഞു. പൈലറ്റിന്റെ കുടുംബത്തെ ബന്ധപ്പെട്ടുവരികയാണ്. തുടര്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നും എംബസി പ്രതിനിധി വ്യക്തമാക്കി.
എയര്‍ ഇന്ത്യയുടെ റിയാദിലെ മാനേജര്‍ എല്ലാം നോക്കുന്നുണ്ടെന്നും മൃതദേഹം എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

0 Comments