നിപാ പകരുന്നത് കോഴികളിലൂടെയെന്ന് വ്യാജ സന്ദേശം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

നിപാ പകരുന്നത് കോഴികളിലൂടെയെന്ന് വ്യാജ സന്ദേശം; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കോട്ടയം: നിപാ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം സുനില്‍ കുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്ത മൊബൈല്‍ നമ്പറാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.

നിപാ വൈറസ് പകരുന്നത് കോഴിയിറച്ചിയിലൂടെയാണെന്നായിരുന്നു പ്രചരണം. ആരോഗ്യവകുപ്പിന്റെ സീല്‍ അടക്കം വ്യാജമായി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാട്സാപ്പിലാണ് വ്യാജ പ്രചരണം കൂടുതലായി നടന്നത്.നിപാ വൈറസ് പനി ബ്രോയിലര്‍ കോഴികളിലൂടെ പകരുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് നേരത്തെ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.


കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്താണ് നിപാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും വ്യക്തമാക്കി കൊണ്ട് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഹെനിപാ വൈറസ് ജീനസിലെ നിപാ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്.

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

Post a Comment

0 Comments