കാഞ്ഞങ്ങാട്: സ്‌കൂള്‍ മാനേജരും സ്‌കൂള്‍ ഉടമസ്ഥാവകാശമുള്ള സഭാധികൃതരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു ഒഴിവിലേക്ക് രണ്ട് അധ്യാപകരെ നിയമിച്ചത് വിവാദമായി. രണ്ടുപേരും ഇന്ന് രാവിലെ നിയമന ഉത്തരവുമായി ചുമതല ഏല്‍ക്കാനെത്തുകയും ചെയ്തു. കാഞ്ഞങ്ങാട് യുബിഎംസി ഏഎല്‍പി സ്‌കൂളിലാണ് സംഭവം.
സ്‌കൂളില്‍ ഒഴിവുള്ള മലയാള വിഭാഗത്തിലേക്ക് മാനേജര്‍ ഉദയരാജ് കൗണ്‍സ് നിയമിച്ചത് പ്രശാന്ത്ചന്ദ്രന്‍ എന്ന അധ്യാപകനെയായിരുന്നു. സ്‌കൂളിന്റെ ഉടമസ്ഥകരായ മംഗലാപുരം സിഎസ്‌ഐ ചര്‍ച്ച് അധികൃതര്‍ രാവണേശ്വരം തണ്ണോട്ടെ സൗമ്യ എന്ന അധ്യാപികയെയും നിയമിച്ചു.
ഇതിനിടെ ഉദയരാജ് കൗണ്‍സിനെ മാനേജര്‍ സ്ഥാനത്തു നിന്ന് സഭാധികൃതര്‍ പുറത്താക്കി. ഈ നടപടിക്കെതിരെ ഉദയരാജ് ഹൊസ്ദുര്‍ഗ് മുന്‍സീഫ് കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചു. ഈ മാസം അഞ്ചുവരെ ഉദയരാജിന് മാനേജരായി തുടരാമെന്നും കോടതി വിധിച്ചു. ഇന്ന് രാവിലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന് തൊട്ടുമുമ്പ് മാനേജരും സ്‌കൂള്‍ അധികൃതരും വെവ്വേറെ നിയമിച്ച രണ്ടുപേരും ചുമതലയേല്‍ക്കാനെത്തി.
ഇവര്‍ക്കൊപ്പം മാനേജ്‌മെന്റില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നവരും എത്തിയിരുന്നു.സംഭവം വാക്കുതര്‍ക്കത്തിലേക്കു നീണ്ടതോടെ ഹൊസ്ദുര്‍ഗ് പൊലീസും വിദ്യാഭ്യാസ വകുപ്പും ഇടപെട്ടു. ഒടുവില്‍ എഇഒയുടെ നിര്‍ദേശപ്രകാരം രണ്ടു പേര്‍ക്കും മാത്രമായി സമാന്തര രജിസ്റ്റര്‍ തെയ്യാറാക്കി. അതിനുശേഷം രണ്ടുപേരെകൊണ്ടും പേരെഴുതി ഒപ്പിടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരുന്നതുവരെ രണ്ടുപേരും സ്‌കൂളില്‍ ജോലിചെയ്യട്ടെ എന്നാണ് എഇഒ പറഞ്ഞതെന്ന് പ്രഥമധ്യാപകന്‍ എം ടി രാജീവന്‍ പറഞ്ഞു. മംഗലാപുരം സിഎസ്‌ഐ സഭ ബിഷപ്പ് റവ. ഫാദര്‍ മോഹന്‍മനോരാജ്, ഹൊസ്ദുര്‍ഗ് എസ്‌ഐ വിഷ്ണുപ്രസാദ്, പിടിഎ പ്രസിഡണ്ട് ഇ.വി ജയകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍ എന്നിവരും സ്‌കൂളിലെത്തിയിരുന്നു

0 Comments