പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് ജില്ലയെ ഹരിതാഭമാക്കും: ജില്ലാ കളക്ടര്‍

പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് ജില്ലയെ ഹരിതാഭമാക്കും: ജില്ലാ കളക്ടര്‍

കാസർകോട്: മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്ഥമായ ഭൗമ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാസര്‍കോടിന്റെ പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് മേഖലയെ ഹരിതാഭമാക്കാനുള്ള ശാസ്ത്രീയ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. സിവില്‍ സ്റ്റേഷനിലെ ഡിപിസി ഹാളില്‍ സംഘടിപ്പിപച്ച ഹരിത കേരളം മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. കേരളീയ പശ്ചാത്തലത്തില്‍ നിന്നും വിഭിന്നമായ പാരിസ്ഥിതിക-ഭൗതിക സാഹചര്യം നിലനില്‍ക്കുന്ന ജില്ലയില്‍ പ്രകൃതി സംരക്ഷണത്തിന് വിവിധ വകുപ്പുകളെ ഏകോപിച്ച് സമഗ്രമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

ജില്ലയെ മുളയുടെ തലസ്ഥാനമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്നും ഈ പദ്ധതിയിലൂടെ നട്ടു വളര്‍ത്തുന്ന മൂന്ന് ലക്ഷം മുളകള്‍ ഏകദേശം 66 ലക്ഷം കിലോഗ്രാം ജൈവാംശം ഒരു വര്‍ഷം മണ്ണില്‍ നിക്ഷേപിക്കുകയും ഇത് ചെങ്കല്‍മണ്ണിനെ ഫലഭൂയിഷ്ടിയുള്ള മണ്ണാക്കി മാറ്റുകയും ചെയ്യും. വിളവെടുക്കുന്ന മുളകള്‍ സംസ്‌കരിച്ച് വിവിധങ്ങളായ ഉത്പന്നങ്ങളുണ്ടാക്കാനായി ജില്ലയില്‍ ചെറുകിട-വന്‍കിട സംരഭങ്ങള്‍ ആരംഭിക്കും. മഹാപ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നവകേരള നിര്‍മ്മിതിയില്‍ പ്രകൃതി സൗഹൃദവും സാമ്പത്തിക ലാഭവുമുള്ള മുള കൊണ്ടുള്ള വീടുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ടെന്നു കളക്ടര്‍ പറഞ്ഞു. ശാസ്ത്രീയമായ ഏകോപനത്തോടെ ജില്ലയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ഈ മാസം 27ന് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പ്രതിനിധികളും പങ്കെടുക്കുന്ന ബോധവല്‍ക്കരണ ക്ലാസില്‍ ഇന്‍ഡോറില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

ജലസംരക്ഷണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡില്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയതായി കളക്ടര്‍ അറിയിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ അവലോകന റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. ഹരിത കേരളം കണ്‍സള്‍ട്ടന്റുമാരായ അബ്രഹാം കോശി, ടി പി സുധാകരന്‍, മിഷന്‍ മോണിറ്ററിങ് അംഗം വി എം സുനില്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Post a Comment

0 Comments