പാകിസ്താനില്‍ ഹിന്ദു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് സഹോദരന്‍

പാകിസ്താനില്‍ ഹിന്ദു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് സഹോദരന്‍




ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഹിന്ദു യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോത്കിയിലെ മിര്‍പുര്‍ മതേലോ സ്വദേശി നമ്രിത ചാന്ദിനി ആണ് മരിച്ചത്. കഴുത്തില്‍ കയര്‍മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലാണ്. ആത്മഹത്യയോ കൊലപാതകമോ ആയിരിക്കുമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നമ്രിതയുടെ സഹോദരന്‍ ഡോ. വിശാല്‍ സുന്ദര്‍ രംഗത്തെത്തി. പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ ഭീഷണിയിലാണ് കഴിയുന്നതെന്നും തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഡോ.വിശാല്‍ പറഞ്ഞൂ.

തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. രാവിലെ നമ്രിത ചാന്ദിനിയുടെ സഹപാഠി വന്ന് വിളിച്ചെങ്കിലും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാച്ച്മാനെ വിവരം അറിയിച്ചു. വാതില്‍ പൊളിച്ച് അകത്തുകയറുമ്പോള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ട്രിബ്യൂണ്‍.കോം.പികെ എന്ന വെബ്സൈറ്റ് പറയുന്നു.

പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്ന് സൂചനയുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ യഥാര്‍ത്ഥ കാരണം കണ്ടെത്താനാവൂവെന്ന് വൈസ് ചാന്‍സലര്‍ ഡോ.അനില അട്ടൂര്‍ റഹ്മാന്‍ പറഞ്ഞു. മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ലര്‍കാന ചന്ദ്ക മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ഒരു സമിതി രൂപീകരിച്ചതായും വൈസ് ചാന്‍സലര്‍ അറിയിച്ചു.

ഒരുമാസം മുന്‍പാണ് പാകിസ്താനിലെ സിഖ് കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റം നടത്തി വിവാഹം നടത്തിയത്. ഒരു ഗുരുദ്വാരയിലെ പുരോഹിതന്റെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. കുടുംബം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ചീഫ് ജസ്റ്റീസ് അസിഫ് സയീദ് ഖോഷ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments