ബാലഭാസ്‌ക്കറിന്റെ മരണം: സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി

ബാലഭാസ്‌ക്കറിന്റെ മരണം: സിബിഐ അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി



കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനെ അറിയിക്കും. വിഷയത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന റിപ്പോര്‍ട്ടും ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കും. കേസില്‍ ചില സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം
കഴിഞ്ഞദിവസം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി അറിയിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
അതേസമയം, ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന അര്‍ജ്ജുന്റെ മൊഴി തള്ളുന്നതായിരുന്നു ശാസ്ത്രീയപരിശോധനാ ഫലങ്ങള്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും വച്ചാണ് അപകടമരണമാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സുഹൃത്തുക്കള്‍ ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം ക്രൈംബ്രാഞ്ച് തള്ളിയിരുന്നു.

Post a Comment

0 Comments