'രക്ഷാപ്രവര്‍ത്തനം വൈകും; കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്': ദുരന്ത നിവാരണ അതോറിറ്റി തലവന്‍

'രക്ഷാപ്രവര്‍ത്തനം വൈകും; കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്': ദുരന്ത നിവാരണ അതോറിറ്റി തലവന്‍




തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ അകപ്പെട്ട രണ്ടര വയസുകാരനെ പുറത്തെത്തിക്കാനുള്ള
രക്ഷാപ്രവര്‍ത്തനം വൈകുമെന്ന് തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ജെ രാധാകൃഷ്ണന്‍. സമാന്തര കിണര്‍ നിര്‍മാണം 40 അടി പിന്നിട്ടു. 98 അടി ആഴത്തിലാണ് കിണര്‍ കുഴിക്കേണ്ടത്. 12 മണിക്കൂറാണ് ഇനിയും പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ബലൂണ്‍ സാങ്കേതിക വിദ്യയടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിച്ചു. എന്നാല്‍ നിലവില്‍ ഇക്കാര്യം പ്രായോഗികമായി നടപ്പാക്കാനാകില്ല. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനം തടസമില്ലാതെ തുടരുമെന്നും ജെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

തിരുച്ചിറപ്പള്ളി മണപ്പാറയിലെ എടയ്ക്കാട്ടുപെട്ടിയിലാണ് രണ്ടര വയസുകാരന്‍ സുജിത് വെള്ളിയാഴ്ച വൈകിട്ട് കുഴല്‍ക്കിണറില്‍ വീണത്. 600 അടി താഴ്ചയുള്ള കിണറ്റില്‍ 88 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടിരിക്കുന്നത്. പൈപ്പ് വഴി കിണറില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്. കിണറ്റില്‍ ഇറക്കിയ മൈക്രോ ക്യാമറകള്‍ വഴി കുട്ടിയെ നീരീക്ഷിക്കുന്നുണ്ട്. കുട്ടി ശ്വാസമെടുക്കുന്നത് നേരത്തെ ഉറപ്പു വരുത്താനായിരുന്നു.

എന്നാല്‍ ഇന്നലെ അര്‍ധരാത്രിക്ക് ശേഷം കുട്ടിയുടെ അനക്കം പ്രകടമല്ല. ദേശീയ ദുരന്ത നിവാരണ സേന, വിവിധ സംസ്ഥാന ഏജന്‍സികള്‍, വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍ , ദുരന്ത നിവാരണ സന്നദ്ധ സംഘടനകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വവും 5 മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

Post a Comment

0 Comments