വീട്ടിലേക്ക് പോകുന്നതിനിടെ ആറുവയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി; പോലീസ് ഇടപെട്ടതോടെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി

വീട്ടിലേക്ക് പോകുന്നതിനിടെ ആറുവയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി; പോലീസ് ഇടപെട്ടതോടെ മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി


കുമ്പള; വീട്ടിലേക്ക് അരിയുമായി പോകുന്നതിനിടെ ആറുവയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. കുട്ടിയെ ഏറെ നേരം  അന്വേഷിച്ച് നടന്ന രക്ഷിതാക്കള്‍ക്ക് പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മകനെ തിരിച്ചു കിട്ടിയത് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം.വ്യാഴാഴ്ച രാവിലെയാണ്  കുട്ടിയെ കാണാതായത്.പിതാവ്  വീട്ടിലേക്കുള്ള പച്ചരി ആറ് വയസുകാരന്റെ കൈയില്‍ കൊടുത്ത് ഉപ്പള റെയില്‍വേ ഗേറ്റ് കടത്തി  അയക്കുകയായിരുന്നു. എന്നാല്‍ കുട്ടി വഴിതെറ്റിയതിനാല്‍ വീട്ടിലെത്താതെ വേറൊരു സ്ഥലത്തേക്കാണ് പോയത്. രാവിലെ 10 മണികഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ അന്വേഷണം നടത്തി. അതേ സമയം കുട്ടിയെ താമസസ്ഥലത്ത് നിന്ന് ഏഴ് കിലോ മീറ്റര്‍ ദൂരമുള്ള മുട്ടം ബേരിക്ക റോഡരികില്‍ കണ്ടെത്തി. അവിടെയുണ്ടായിരുന്നവര്‍ കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോള്‍ താമസം എവിടെയാണെന്ന് പറയാന്‍ സാധിച്ചില്ല. കടല്‍ തീരത്താണ് താമസമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ കുമ്പള പോലീസിനെ വിവരമറിയിച്ചു. കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ  പ്രകാശന്‍, വിനീത് എന്നിവര്‍ കുട്ടിയോട് എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ കുട്ടി വന്ന വഴി കാണിച്ചു കൊടുത്തു. പല വഴികളിലൂടെ കുട്ടിയെയും കൊണ്ട് നടന്ന പോലീസുദ്യോഗസ്ഥര്‍ ഒടുവില്‍ താമസ സ്ഥലം കണ്ടെത്തി. മുസോടിയിലെ ഉള്‍പ്രദേശത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നതെന്നും ഇവര്‍ കര്‍ണാടക സ്വദേശികളാണെന്നും വ്യക്തമായി. കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിച്ചാണ് ഈ കുടുംബം ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിച്ച ശേഷം പോലീസുദ്യോഗസ്ഥര്‍ തിരിച്ചു പോകുകയായിരുന്നു.

Post a Comment

0 Comments