അരയാൽ സെവൻസ്;കിരീടം വാനിലുയർത്തി മെട്ടമ്മൽ ബ്രദേഴ്‌സ്

അരയാൽ സെവൻസ്;കിരീടം വാനിലുയർത്തി മെട്ടമ്മൽ ബ്രദേഴ്‌സ്

കാഞ്ഞങ്ങാട് : അരയാൽ ബ്രദേഴ്‌സ് ആതിഥേയമരുളി തെക്കേപ്പുറം ഡോ.മൻസൂർ ഗ്രൗണ്ടിൽ നടന്ന് വന്നിരുന്ന അഖില കേരള എംഎഫ്എ അംഗീകൃത അരയാൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ കലാശ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകളോടെ മെട്ടമ്മൽ ബ്രദേഴ്‌സ് മെട്ടമ്മൽ പ്രഥമ അരയാൽ സെവൻസ് കിരീടം വാനിലുയർത്തി.


കളിയുടെ ആവസാനം വരെ ആക്രമണ ഫുട്‌ബോളിന്റെ വേഗതയിലും ചടുല താളത്തിലും മെട്ടമ്മലിന്റെ  എതിരാളികളായ നെക്സ്‌ടൽ ഷൂട്ടേഴ്‌സ് പടന്ന മൈതാനം ഉഴുത് മറിച്ചെങ്കിലും മെട്ടമ്മലിന്റെ ഘാനക്കാരൻ ഗബ്രിയേൽ തീർത്ത പ്രതിരോധ ഭിത്തിയും ബാറിന് കീഴെ സർകസ് അഭ്യാസിയെ പോലെ പ്രകടനം കാഴ്ച വെച്ച യൂണിവേഴ്‌സിറ്റി താരം ഗോൾകീപ്പർ സജ്ജാദിനെയും മറികടന്ന് മെട്ടമ്മലിന്റെ ഗോൾവലയം ചലിപ്പിക്കാൻ ഷൂട്ടേഴ്‌സ് പടന്നക്കായില്ല.


ആദ്യ പകുതിയുടെ ആദ്യ മിനുട്ടകളിൽ തന്നെ ലൈബീരിയക്കാരൻ വിൽസോക്കറിലൂടെ ഷൂട്ടേഴ്‌സിന്റെ ഗോൾവലയം ചലിപ്പിക്കാൻ മെട്ടമ്മലിനായത് ഷൂട്ടേഴ്‌സിന്റെ താരങ്ങളെ തീർത്തും സമ്മർദ്ദത്തിലാഴ്ത്തി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ വിംഗ് ബാക്കായി തിളങ്ങിയ യൂണിവേഴ്‌സിറ്റി താരം രെഞ്ചിയിലൂടെ മെട്ടമ്മൽ രണ്ടാം ഗോളും നേടി ലീഡ് രണ്ടായി ഉയർത്തുകയും ചെയ്തു.

ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി മെട്ടമ്മലിന്റെ സജ്ജാദും , മികച്ച മുന്നേറ്റ നിര താരമായി ഷൂട്ടേഴ്‌സ് പടന്നയുടെ നൈജീരിയൻ താരം സ്‌നൈഡറും , മികച്ച സ്റ്റോപ്പർ ബാക്കായി ഷൂട്ടേയ്സിന്റെ ഘാനക്കാരൻ ആദംസും , മികച്ച വിംഗ് ബാക്കായി മെട്ടമ്മലിന്റെ യൂണിവേഴ്‌സിറ്റി താരം രെഞ്ചിയെയും തെരഞ്ഞടുത്തു.

ഫുട്‌ബോൾ ആരാധകരാൽ തിങ്ങി നിറഞ്ഞ
അരയാൽ സെവൻസിന്റെ വേദിയിൽ കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ,കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വിവി രമേഷൻ, മൻസൂർ ഗ്രൂപ്പ് ചെയർമാൻ പാലക്കി കുഞ്ഞഹ്‌മദ് ഹാജി,മെട്രോ ഗ്രൂപ്പ് ചെയർമാൻ മെട്രോ മുഹമ്മദ് ഹാജി,ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്, കൗൺസിലർ എംപി ജാഫർ,എംബിഎം അഷ്‌റഫ്,ഡോ. അബൂബക്കർ കുറ്റിക്കോൽ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

മൈതാനത്ത് കുഴഞ്ഞ് വീണ മരണത്തിന് കീഴടങ്ങിയ മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള ധനരാജ് കുടുംബ സഹായ ഫണ്ടും അരയാൽ സെവൻസിന്റെ വേദിയിൽ നിന്നും സമാഹരിച്ച് ധൻരാജിന്റെ കുടുംബത്തിലേക്ക് കൈമാറി, ടൂർണമെന്റിലെ റണ്ണേഴ്സായ ഷൂട്ടേഴ്‌സ് പടന്ന ക്ക് ലഭിച്ച കാഷ് പ്രൈസും ഷൂട്ടേഴ്‌സ് ധൻരാജ് കുടുംബസഹായ ഫണ്ടിലേക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു.

എംബി മൂസാ വിന്നേഴ്‌സ് ട്രോഫിയും പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി ക്യാഷ്‌ പ്രെസും ജേതാക്കളായ മെട്ടമ്മലിന്റെ കൈയ്യിലെത്തിയപ്പോൾ പാലക്കി മൊയ്‌തു ഹാജി റണ്ണേഴ്സ് ട്രോഫി പാലാട്ട് കുഞ്ഞഹ്‌മദ് ഹാജി കാഷ് പ്രൈസും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്‌ച വെച്ച് കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടമായ ഷൂട്ടേഴ്‌സ് പടന്നക്കും ലഭിച്ചു.

Post a Comment

0 Comments