
കാസര്‍കോട്: അറ്റകുറ്റപ്പണികള്‍ക്കായി ചന്ദ്രഗിരി പാലം അടച്ചതോടെ പൊതുവെ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന കാസര്‍കോട് നഗരത്തില്‍ യാത്രാക്ലേശം രൂക്ഷം. വഴിതിരിച്ചുവിട്ട വാഹനങ്ങളുടെ ഇടമുറിയാത്ത വരവ് കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. കെ എസ് ടി പി റോഡിലൂടെ കാസര്‍കോട്ടേക്ക് വരുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ചട്ടഞ്ചാല്‍, തെക്കില്‍ പാലം വഴി ചെര്‍ക്കളയിലേക്കും പരവനടുക്കം -പെരുമ്പള പാലം റോഡ് വഴി നായന്‍മാര്‍മൂലയിലേക്കുമാണ് വഴി തിരിച്ചു വിടുന്നത്.റോഡുകളുടെ സൗകര്യക്കുറവും ശോചനീയാവസഥയും കാരണം ഈ ഭാഗങ്ങളില്‍ ഗതാഗതസ്തംഭനം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ചെര്‍ക്കള മുതല്‍ കാസര്‍കോട് വരെ ദേശീയ പാതയില്‍ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനാകാത്ത സാഹചര്യവുമുണ്ട്. പല ബസുകളും വൈകിയാണ് അതാത് സ്ഥലങ്ങളില്‍ എത്തിച്ചേരുന്നത്. നിരവധി വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ള വിദ്യാനഗര്‍ ബി സി റോഡ് ഭാഗങ്ങളില്‍ തിരക്കു നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡും പോലീസുകാരുമുണ്ടെങ്കിലും ഗതാഗതപ്രശ്‌നം ലഘൂകരിക്കാന്‍ സാധിക്കുന്നില്ല. ചന്ദ്രഗിരി പാലത്തിലെ അറ്റകുറ്റപ്പണി മൂലം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദേശീയ പാതയിലും മറ്റു റോഡുകളിലും ഗതാഗതതടസം പതിവായിരിക്കുകയാണ്. കാഞ്ഞങ്ങാട്ട് നിന്നുമുള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ ചിലത് ചന്ദ്രഗിരിപാലം വരെ സര്‍വീസ് നടത്തുന്നു. പാലത്തിലൂടെയുള്ള കാല്‍ നട യാത്രക്ക് നിയന്ത്രണമില്ലാത്തതിനാല്‍ യാത്രക്കാര്‍ പാലം കടന്ന് ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമാണ് നഗരത്തിലെത്തുന്നത്.പതിനഞ്ചു ദിവസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും അതുവരെയും പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പാലത്തിന്റെ ജോയിന്റുകള്‍ ബലപ്പെടുത്തുകയും തകര്‍ന്ന കൈവരിയടക്കം പുതുതായി നിര്‍മിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു ശേഷം മുഴുവനായും ടാറിംഗ് നടത്തും. ജനുവരി 20നകം പണി പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
0 Comments