
കാഞ്ഞങ്ങാട്; പെരിയ ചെറുവിമാനതാവള നിര്‍മാണത്തിനുവേണ്ടിയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടം പദ്ധതികള്‍ ആവിഷ്‌കരിച്ചു. എയര്‍സ്ട്രിപ്പിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കനിയംകുണ്ടിലാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നത്. നേരത്തെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് അനുയോജ്യമെന്ന് ഉറപ്പ് വരുത്തിയിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ.എന്‍.ജി നായര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായും ജില്ലാ കലക്ടറുമായും കൂടിക്കാഴ്ചയും നടത്തിയിരുന്നു. 75 കോടി രൂപയാണ് വിമാനത്താവള നിര്‍മാണത്തിന് വേണ്ടിവരിക. 1,400 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വെയാണ് ഇതിനുവേണ്ടി നിര്‍മിക്കുന്നത്.പെരിയയില്‍ ചെറുവിമാനതാവളം വന്നാല്‍ അത് ജില്ലയുടെ വികസനരംഗത്ത് പുതിയൊരു വഴിത്തിരിവ് തന്നെ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെ ജില്ല നടത്തും. വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി വര്‍ധിക്കും. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാനും സാമ്പത്തികവരുമാനം ഇരട്ടിയാകാനും ഇതുപകരിക്കും. കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി 2013 മുതല്‍ 2019 വരെ 204 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി കലക്ടര്‍ പറഞ്ഞു. ഇതില്‍ 103 പദ്ധതികള്‍ 2019 ലാണ് പൂര്‍ത്തീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഇതോടെ കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെട്ട മുഴുവന്‍ പദ്ധതികളും നടപ്പിലാകും. ഫെബ്രുവരി ഒന്നിന് കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
0 Comments