
കൊൽക്കത്ത: നരേന്ദ്ര മോദി സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കാൻ സി.പി.എം നീക്കം. പശ്ചിമബംഗാൾ നേതൃത്വമാണ് കോൺഗ്രസിന്റെ പിന്തുണയോടെ ഈ നീക്കം നടത്തുന്നത്. 2005 നും 2017 നും ഇടയിൽ ഉപസഭാംഗമായിരുന്നു യെച്ചൂരിയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യാൻ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് സംസ്ഥാന സി.പി.എം വൃത്തങ്ങൾ അറിയിച്ചു.
2017ലെ റീല ഇലക്ഷനിൽ യെച്ചൂരിയുടെ പേര് ഉയർന്നു കേട്ടിരുന്നു. പശ്ചിമ ബംഗാളിൽ നിന്ന് യെച്ചൂരിയെ നാമനിർദ്ദേശം ചെയ്യുന്നതിനെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു അംഗത്തേയും മൂന്ന് തവണ തുടർച്ചയായി പാർലമെന്റിലേക്ക് അയക്കില്ലെന്ന പാർട്ടി നിയമം ചൂണ്ടിക്കാട്ടി നേതൃത്വം ഇത് നിരസിക്കുകയായിരുന്നു.
"അസാധാരണമായ സാഹചര്യം അസാധാരണമായ നടപടികൾ ആവശ്യപ്പെടുന്നു. രാജ്യം ഒരു പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മോദി സർക്കാരിന്റെ നയങ്ങളെ എതിർക്കാൻ ഞങ്ങൾക്ക് പാർലമെന്റിൽ ശക്തമായ ശബ്ദം ആവശ്യമാണ്. അതിനു യെച്ചൂരിയേക്കാൾ മികച്ച ഒരാളുണ്ടാകില്ല. നിലവിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം."-മുതിർന്ന സി.പി.എം നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഒരു അംഗത്തെ തുടർച്ചയായി മുന്നു തവണ പാർലമെന്റിലേക്ക് അയക്കില്ലെന്ന പാർട്ടി നിയമം ഇവിടെ ലംഘിക്കപ്പെടില്ല. കാരണം 2017നു ശേഷം യെച്ചൂരി പാർലമെന്റിലേക്ക് മത്സരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പാർട്ടിക്ക് സംസ്ഥാനത്തെ നിയമസഭയിലുള്ള അംഗബലമനുസരിച്ച് രാജ്യസഭയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തങ്ങൾക്ക് കോൺഗ്രസിന്റെ പിന്തുണ വേണം. യെച്ചൂരിയാണ് സ്ഥാനാർത്ഥിയെങ്കിൽ കോൺഗ്രസ് തങ്ങളെ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നതായും സി.പി.എം നേതാവ് പറഞ്ഞു.
അതേസമയം, 2017ൽ യെച്ചൂരിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായിരുന്നുവെന്നും ഇടതുപക്ഷമാണ് അത് നിരസിച്ചതെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് പറഞ്ഞു. "കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി യെച്ചൂരിക്കുള്ള ബന്ധം വച്ചു നോക്കുമ്പോൾ ഇപ്പോഴും അദ്ദേഹമാണ് സ്ഥാനാർത്ഥിയെങ്കിൽ ഞങ്ങൾക്ക് പിന്തുണയ്ക്കുന്നതിൽ ഒരു പ്രശ്‌നവുമുണ്ടാകില്ല."-കോൺഗ്രസ് നേതാവ് പറഞ്ഞു.
ഫെബ്രുവരിയിലാണ് അഞ്ചു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നിലവിൽ ഇതിൽ നാലു സീറ്റുകളിലും തൃണമൂൽ കോൺഗ്രസാണ്. അഞ്ചാമത്തെ അംഗം 2014ൽ സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ച് രാജ്യസഭയിൽ എത്തുകയും പിന്നീട് 2017ൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്ത റിതബ്രത ബണ്ടോപാധ്യായയാണ്.
0 Comments