
ന്യൂഡല്‍ഹി: 2014-2019 വര്‍ഷങ്ങളില്‍ രാജ്യത്ത് മൊത്തം എഴുതിത്തള്ളിയത് ആറു ലക്ഷം കോടി രൂപയുടെ പൊതുകടം. ഇതില്‍ 65.15 ശതമാനവും വന്‍കിട കോര്‍പറേറ്റുകളുടേത് ആണ് എന്നതാണ് കൗതുകകരം. വന്‍കിട വ്യവസായികള്‍ക്ക് സര്‍ക്കാര്‍ വാരിക്കോരി ഇളവുകള്‍ പ്രഖ്യാപിച്ചതിനു പുറമേയാണ് ഇവരുടെ കടങ്ങള്‍ കൂടി എഴുത്തിള്ളിയിരിക്കുന്നത്.
എഴുതിത്തള്ളിയ ആറു ലക്ഷം കോടിയില്‍ (6,00,969) അഞ്ചു ലക്ഷം കോടിയും (5,97,188) പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ളതാണ്. കാര്‍ഷിക കടം എഴുതിത്തള്ളിയത് വെറും 7.16 ശതമാനം (43,056) മാത്രം. വ്യാപാര മേഖലയില്‍ എഴുതിത്തള്ളിയത് ഒന്നര ലക്ഷം കോടിയാണ്, 27.69 ശതമാനം.
ഏകദേശം നാലു ലക്ഷം കോടിയാണ് (3,91,341) എഴുതിത്തള്ളിയ കോര്‍പറേറ്റ് കടം.
മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ 2.54 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയാണ് എഴുതിത്തള്ളിയിരുന്നത്. ആകെ നിഷ്‌ക്രിയ ആസ്തിയുടെ 25 ശതമാനം. വന്‍തോതില്‍ നിഷ്‌ക്രിയ ആസ്തി എഴുതിത്തള്ളിയതോടെ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ വലിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചുകിട്ടാന്‍ സാദ്ധ്യത തീരെ ഇല്ലാത്ത കടങ്ങളാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍നിന്ന് ഇത് നീക്കുകയാണ് ചെയ്യുക. തിരിച്ചുപിടിച്ചാല്‍ ഇത് വീണ്ടും രേഖകളില്‍ ചേര്‍ക്കും.
2020 സെപ്തംബറോടെ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി 9.9 ശതമാനമാകും എന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവില്‍ 12.7 ശതമാനമാണ്. ലോകത്ത് ഉയര്‍ന്നുവരുന്ന പത്ത് സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യന്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി.
ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവുണ്ടായി എന്ന പഠനങ്ങള്‍ക്കിടെയാണ് വന്‍കിട കോര്‍പറേറ്റുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നത്. ഇന്ത്യയിലെ 63 കോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് കേന്ദ്രബജറ്റിനേക്കാള്‍ കൂടുതലാണ് എന്നാണ് കഴിഞ്ഞ ദിവസം ഓക്‌സ്ഫാം ഇന്ത്യ പുറത്തുവിട്ട പഠനങ്ങള്‍ പറയുന്നത്.
0 Comments