കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല; ആരിഫ് ഖാനെ തള്ളി മുന്‍ ഗവര്‍ണര്‍ പി.സദാശിവം

LATEST UPDATES

6/recent/ticker-posts

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്നില്ല; ആരിഫ് ഖാനെ തള്ളി മുന്‍ ഗവര്‍ണര്‍ പി.സദാശിവം



തിരുവനന്തപുരം: കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മൂര്‍ച്ചിക്കുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി മുന്‍ ഗവര്‍ണറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായിരുന്ന പി. സദാശിവം. പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ തന്നെ അറിയിച്ചില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. എന്നാല്‍ അങ്ങനെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനില്ലെന്ന് പി. സദാശിവം പറഞ്ഞു. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സദാശിവം ഇക്കാര്യം വ്യക്തമാക്കിയത്.

‘മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ ഇത്തരം അവസരങ്ങളില്‍ സര്‍ക്കാരിന് വിവരമറിയിക്കാം. അദ്ദേഹം ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാധ്യതയില്ല’ ജസ്റ്റിസ് സദാശിവം പറഞ്ഞു. അങ്ങനെ എല്ലാ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 131 ാം വകുപ്പ് അനുസരിച്ച് സൂട്ട് ഫയല്‍ ചെയ്തത്. ഇത് തന്നോട് ആലോചിക്കാതെയാണ് ചെയ്തതെന്നും നിയമവിരുദ്ധമാണെന്നുമുള്ള നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത്. നേരത്തെ ഇതേ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതും ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. ഇതോടെ സര്‍ക്കാരും ഗവര്‍ണറും പരസ്യ ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണറെ കണ്ടിരുന്നു. ഗവര്‍ണറെ ഒഴിവാക്കിയതല്ലെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.

Post a Comment

0 Comments