നിയമക്കുരുക്കുകള്‍ നീങ്ങിയതോടെ കുഡ്‌ലു ബേങ്ക് കവര്‍ച്ചാക്കേസിന്റെ വിചാരണ പുനരാരംഭിച്ചു

നിയമക്കുരുക്കുകള്‍ നീങ്ങിയതോടെ കുഡ്‌ലു ബേങ്ക് കവര്‍ച്ചാക്കേസിന്റെ വിചാരണ പുനരാരംഭിച്ചു


കാസര്‍കോട്:  നിയമക്കുരുക്കുകള്‍ നീങ്ങിയതോടെ കുഡ്‌ലു ബേങ്ക് കവര്‍ച്ചാക്കേസില്‍ വിചാരണ പുനരാരംഭിച്ചു. കുഡ്‌ലു സര്‍വീസ് സഹകരണ ബേങ്ക് ഏരിയാല്‍ ശാഖയില്‍  നിന്ന് 17 കിലോ 680 ഗ്രാം സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും കവര്‍ന്ന കേസിന്റെ വിചാരണയാണ്  ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതിയില്‍ ആരംഭിച്ചത്.  മുമ്പ് ഈ കേസില്‍ വിചാരണ ആരംഭിച്ചിരുന്നെങ്കിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതികള്‍ മേല്‍ക്കോടതികളില്‍ നല്‍കിയ ഹരജികള്‍ കാരണം നിയമപോരാട്ടം നീണ്ടുപോയതിനാല്‍ വിചാരണയും മുടങ്ങുകയായിരുന്നു.കഴിഞ്ഞ ദിവസം  ബേങ്ക് സെക്രട്ടറി അടക്കമുള്ളവരെ  കോടതി വിസ്തരിച്ചു. ജീവനക്കാരികളടക്കം  ഏതാനും സാക്ഷികളെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ ദുല്‍ദുല്‍ ഷരീഫ് എന്ന മുഹമ്മദ് ഷരീഫ്, ചൗക്കി അജോല്‍ റോഡിലെ അബ്ദുല്‍ കരീം, മുജീബ്, ചൗക്കി കുന്നിലെ മഹ്ഷൂഖ്, ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍, ഷാനവാസ്, അര്‍ഷാദ്, ഫിലിപ്പോസ്, ഫെലിക്‌സ് നെറ്റോ എന്ന ജോമോന്‍, കവര്‍ച്ചാസ്വര്‍ണം വില്‍ക്കുന്നതിന് സഹായികളായി പ്രവര്‍ത്തിച്ച ദില്‍സത്ത്, സുമം എന്നിവരാണ് ബേങ്ക് കവര്‍ച്ചാക്കേസിലെ പ്രതികള്‍.  2015 സെപ്തംബര്‍ ഏഴിന് ഉച്ചയോടെയാണ് കുഡ്‌ലു ബേങ്കില്‍ കവര്‍ച്ച നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം പെട്ടെന്ന്് ബേങ്കിനകത്തേക്ക് ഇരച്ചുകയറുകയും ഗ്രില്‍സ് അടച്ച ശേഷം  കത്തി കാട്ടി ബേങ്കിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരികളെ ബന്ദികളാക്കുകയുമായിരുന്നു.  തുടര്‍ന്ന് ലോക്കര്‍ തുറന്ന സംഘം ഇവിടെയുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്തു.  ഇതിന് ശേഷമാണ് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബാങ്കിനകത്താക്കി പൂട്ടി സംഘം ബൈക്കില്‍ തന്നെ കടന്നു കളഞ്ഞത്. ബേങ്ക് മാനേജര്‍ സംഭവസമയം ഭക്ഷണം കഴിക്കാന്‍ പുറത്തു പോയതായിരുന്നു.അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശാസ്ത്രീയമായ രീതിയില്‍ ആദ്യഘട്ട അന്വേഷണം നടത്തുകയും ഏതാനും പ്രതികളെ പിടികൂടുകയും ചെയ്തത്. കുഡ്‌ലു ബേങ്കില്‍ നിന്നും കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ടി പി രഞ്ജിത്തിനെ കാസര്‍കോട്ടുനിന്ന് സ്ഥലം മാറ്റുകയും അന്വേഷണചുമതല അന്നത്തെ സി ഐ, പി  കെ സുധാകരനെ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഈ കേസിലെ പ്രതികളെയെല്ലാം പഴുതടച്ച് പിടികൂടിയ അന്വേഷണ സംഘം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. പി .കെ സുധാകരനെ സ്ഥലം മാറ്റിയതോടെ ഈ കേസിന്റെ മറ്റ് നടപടിക്രമങ്ങള്‍ പിന്നീട്് ചുമതലയേറ്റെ  സി ഐ, എം പി   ആസാദ് ഏറ്റെടുക്കുകയായിരുന്നു. സി ഐ  ആസാദാണ് അന്വേഷണം പൂര്‍ത്തിയാക്കി 2000 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 200 സാക്ഷികളാണുള്ളത്. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് കോടതി പിന്നീട് ജാമ്യം നല്‍കിയിരുന്നു.

Post a Comment

0 Comments