കാട്ടാനകള്‍ക്കുപുറമെ പുലികളും വിഹരിക്കുന്നു;ഭയന്നുവിറച്ച് അതിര്‍ത്തിഗ്രാമങ്ങള്‍

കാട്ടാനകള്‍ക്കുപുറമെ പുലികളും വിഹരിക്കുന്നു;ഭയന്നുവിറച്ച് അതിര്‍ത്തിഗ്രാമങ്ങള്‍


മുള്ളേരിയ: കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ അതിര്‍ത്തിഗ്രാമങ്ങളില്‍ പുലികളും ഇറങ്ങിയതോടെ ജനങ്ങള്‍ ഭയന്നുവിറക്കുന്നു. നെല്ലിത്തട്ടിലും പരിസരങ്ങളിലും നായയും പശുവും അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കിയത് പുലികളാണെന്നാണ് നാട്ടുകാര്‍ കരുതുന്നത്. അതിനിടെ പ്രദേശത്തെ ജീപ്പ് ഡ്രൈവര്‍ പുലിയെ നേരില്‍കണ്ടതായി അറിയിച്ചതോടെ ആശങ്ക ഇരട്ടിക്കുകയും ചെയ്തു. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് സര്‍വീസ് നടത്തിയിരുന്ന ജീപ്പ് ഡ്രൈവറാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടത്. പാണ്ടിയില്‍ ആളെ ഇറക്കി ക്ഷേത്രത്തിലേക്ക് തിരിച്ചുവരുന്നതിനിടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന പുള്ളിപ്പുലിയെ കണ്ടുവെന്നാണ് ഡ്രൈവര്‍ വെളിപ്പെടുത്തിയത്. നാലു ഭാഗവും സംരക്ഷിത വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നെല്ലിത്തട്ടില്‍ ആകെയുള്ളത് നാലു വീടുകളാണ്. കൂടാതെ മഹാവിഷ്ണു ക്ഷേത്രവും. പുലിയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ഗ്രാമങ്ങളായ കടുമന, ബളവന്തടുക്ക, ചള്ളത്തുങ്കാല്‍, തീര്‍ഥക്കര, മലാംകടപ്പ് തുടങ്ങിയ പ്രദേശങ്ങളിലും ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. പാണ്ടില്‍ വനത്തില്‍ നിന്ന് ഒന്നിലേറെ പുലികള്‍ നാട്ടിലിറങ്ങിയിട്ടുണ്ടെന്നാണ് പ്രചാരണം.

ഒരാഴ്ചയ്ക്കിടെ നായ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയതിന് പിന്നില്‍ പുലിയാണെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചുപറയുന്നത്. കഴിഞ്ഞ ദിവസം ഒരു പശുവിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേയാന്‍ വിട്ട വാമന മനോളിത്തായയുടെ പശുവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാട്ടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവും കണ്ടു. തലയിലെ ചില ഭാഗങ്ങളില്‍ മാംസം പുറത്തെക്ക് വന്ന നിലയിലായിരുന്നു. അതേ സമയം സ്ഥലത്തെത്തി പരിശോധന നടത്തിയ വനപാലകര്‍ പശുവിനെ പുലി കടിച്ചുകൊന്നതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. കയര്‍ കഴുത്തില്‍ മുറുകിയും മരണം സംഭവിക്കാമെന്ന് വനപാലകര്‍ പറയുന്നു. മരണവെപ്രാളത്തിലും മുറിവുകള്‍ സംഭവിക്കാം. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ പശു ചത്തത് എങ്ങനെയാണെന്ന് കണ്ടെത്താനാകുകയുള്ളൂവെന്ന് വനപാലകര്‍ പറഞ്ഞു. എന്നാല്‍ പശുവിനെ പുലി കടിച്ചുകൊന്നതാണെന്നുതന്നെ നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. ബാലകൃഷ്ണ മനോളിത്തായയുടെ പട്ടിയെയും കാണാതയിട്ടുണ്ട്. രക്തപ്പാടുകള്‍ കണ്ടതല്ലാതെ നായയെക്കുറിച്ച് ഒരുവിവരവുമില്ല.അഡൂര്‍ ഒളിയക്കൊച്ചിയിലെ ഫാമില്‍ നിന്ന് കഴിഞ്ഞ നവംബര്‍ നാലിന് ആടിനെ പുലി കടിച്ചുകൊന്നിരുന്നു. പുലി ഓടിമറയുന്നത് കണ്ട ഫാമിലെ ജീവനക്കാരന്‍ ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പുലിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.കാട്ടാനകള്‍ വ്യാപകമായി കൃഷിനശിപ്പിച്ചതോടെ ഈ ഭാഗങ്ങളിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇതിനിടയിലാണ് പുലികളുടെ ശല്യവും നേരിടേണ്ടിവരുന്നത്.

Post a Comment

0 Comments