ബേക്കൽ ഫെസ്റ്റ് ജനങ്ങൾ ഏറ്റെടുത്തു, ജനുവരി രണ്ടിന് സമാപനം

ബേക്കൽ ഫെസ്റ്റ് ജനങ്ങൾ ഏറ്റെടുത്തു, ജനുവരി രണ്ടിന് സമാപനം




ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ ജനങ്ങൾ ഏറ്റെടുത്തുവെന്നും കാസർകോട് മുന്പൊരിക്കലും കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് ബേക്കലിൽ എത്തുന്നതെന്നും സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു. ഫെസ്റ്റിവൽ നഗരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭൂതപൂർവമായ മുന്നേറ്റമാണ് ബേക്കലിൽ അനുഭവപ്പെടുന്നത്. ജില്ലയിൽ മുന്പൊരിക്കലും നടന്നിട്ടില്ലാത്ത മഹോത്സവമായി മാറി.ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും സഹകരണവും പിന്തുണയും മേളക്ക് ലഭിക്കുന്നു.  ഫെസ്റ്റിവൽ നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം ജനുവരി 2ന് മേള സമാപിക്കുമെന്നും ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം പോലെ വരും വർഷങ്ങളിൽ മേള തുടരുമെന്നും എം.എൽ.എ അറിയിച്ചു. ജനങ്ങൾ നല്ല നിലയിൽ മേള ആസ്വദിച്ചാണ് ബേക്കലിൽ നിന്നും പിരിഞ്ഞു പോകുന്നത്. ജനബാഹുല്യം കൊണ്ട് നിറയുമ്പോഴും അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.ഉദ്യോഗസ്ഥ വൃന്ദവും പൊതു ജനങ്ങളും കൈകോർത്താൽ എങ്ങനെ മാതൃകാപരമായി ഒരു പരിപാടി സംഘടിപ്പിക്കാം എന്നതിന് തെളിവാണ് ബേക്കലിൽ ദൃശ്യമാകുന്നത്.


1 കോടിയോളം രൂപയുടെ ടിക്കറ്റ് വിറ്റഴിച്ച കുടുംബശ്രീ പ്രവർത്തകരും മേള വിജയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. ഹരിത കർമ്മ സേനയുടെ 100 പ്രവർത്തകർ ആണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉള്ളത്. മേളയിൽ ഒരുക്കിയ മെഡിക്കൽ സേവനം പ്രയോജനപ്പെട്ടു. മേളയിൽ എത്താൻ റെയിൽ വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽ പെടുമായിരുന്ന അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനിടെ പരിക്ക് പറ്റിയ സിവിൽ പൊലീസ് ഓഫീസർ ഇരിയണ്ണി സ്വദേശി വി.സജേഷ്, ഫെസ്റ്റിവൽ നഗരിയിൽ വെച്ചു പരിക്കേറ്റ സംഘാടക സമിതി പ്രവർത്തകൻ അബ്ദുൽ ബഷീർ എന്നിവരുടെ ചികിത്സ ചിലവ് സംഘാടക.സമിതി വഹിക്കുമെന്ന് എം.എൽ.എ പറഞ്ഞു.  ബി.ആർ.ഡി. സി എം.ഡി പി.ഷിജിൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ഹക്കിം.കുന്നിൽ, കെ.ഇ. എ. ബക്കർ, ടി. ടി. സുരേന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments