മുംബൈ: ഏലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയത് മറ്റൊരാളുടെ നിർദേശം അനുസരിച്ചാണെന്ന് പ്രതി ഷാരൂഖ് സൈഫി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി സിഎൻഎൻ ന്യൂസ് 18-ലെ മുതിർന്ന മാധ്യമപ്രവർത്തകൻ മനോജ് ഗുപ്ത റിപ്പോർട്ട് ചെയ്യുന്നു. പ്രതിയെയും തീവെപ്പ് കേസിനെയും കുറിച്ച് കേന്ദ്ര ഏജൻസി നൽകുന്ന നിർണായക വിവരങ്ങൾ ചുവടെ നൽകുന്നു.
- തീവ്രവാദ ആക്രമണത്തിന് സമാനമായ സംഭവം
- പ്രതിക്ക് മാനസികപ്രശ്നങ്ങളില്ല
- ഷാരൂഖ് സൈഫിയ്ക്ക് ആറ് ഫോണുകൾ ഉണ്ടായിരുന്നു
- കത്തുന്ന ദ്രാവകം കേരളത്തിൽനിന്ന് വാങ്ങിയതാണെന്ന് പ്രതി എടിഎസിനോട് സമ്മതിച്ചു
- ഇത് ചെയ്യാൻ മറ്റൊരാൾ തനിക്ക് നിർദ്ദേശം നൽകിയതാണെന്നും പ്രതി സമ്മതിച്ചു
- ഇന്നലെ രാത്രി വൈകി പ്രതിയുടെ ഫോണുകളിലൊന്ന് സ്വിച്ച് ഓൺ ചെയ്തു. അങ്ങനെയാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിക്ക് പ്രതിയുള്ള സ്ഥലം കണ്ടെത്താനായത്.
- ട്രെയിനിൽ നിന്ന് ചാടുന്നതിനിടയിൽ പ്രതി ഷാരൂഖ് സൈഫിയ്ക്ക് മുറിവേറ്റു. പരിക്ക് കാരണം സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് പ്രതി
- പ്രതിയെ കേരളാ പോലീസിലെ ഭീകരവിരുദ്ധവിഭാഗത്തിന് കസ്റ്റഡിയിൽ നൽകിയേക്കും.
ഇന്നലെ രത്‌നഗിരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്‌നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ട്രെയിനിൽ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ, ചികിത്സ പൂർത്തിയാക്കാതെ ഇയാൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രത്‌നഗിരി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയും ഷാരൂഖ് സൈഫിയെ റെയിൽവേസ്റ്റേഷനിൽവെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ ആർപിഎഫ് രത്നഗിരിയുടെ കസ്റ്റഡിയിലാണ്. കേരള പോലീസും രത്‌നഗിരിയിലെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് ഏലത്തൂരിനടുത്ത് വെച്ച് ട്രെയിനിൽ തീവെപ്പുണ്ടായത്. സംഭവത്തിൽ ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേർ മരണപ്പെട്ടിരുന്നു. തീവെപ്പിൽ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പടെ ചികിത്സയിലാണ്.
0 Comments