സമ്മേളന സംസ്കാരത്തിന് പുതുവഴി സൃഷ്ടിച്ച് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി

LATEST UPDATES

6/recent/ticker-posts

സമ്മേളന സംസ്കാരത്തിന് പുതുവഴി സൃഷ്ടിച്ച് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി



കണ്ണൂർ: സമ്മേളന സംസ്കാരത്തിന് പുതുവഴി തീർത്താണ് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം സമാപിച്ചത്. ക്രിയാത്മകതയുടെ മാതൃകയും വൈവിധ്യങ്ങളുടെ സൗന്ദര്യവുമാണ് ഗോൾഡൻ ഫിഫ്റ്റിയെ വേറിട്ടു നിർത്തിയത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ, കരിയർ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ചായിരുന്നു ഒരാഴ്ചയായി കണ്ണൂരിൽ സമ്മേളനം നടന്നുവന്നത്. വിദ്യാഭ്യാസ കരിയർ എക്സ്പോ, ദേശീയ പുസ്തകോത്സവം, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ പഠന, സംവാദ സമ്മേളനങ്ങൾ എന്നിവ ഗോൾഡൻ ഫിഫ്റ്റിയുടെ മുഖമുദ്രയായി. അമ്പതാം വാർഷിക സമാപനത്തിൽ 50 ആശയ സമ്മേളനങ്ങളും സംഘടിപ്പിച്ചു. 

ഉപരിപഠന, തൊഴിൽ മേഖലകളിലേക്ക് ദിശാബോധം നൽകുന്നതിനായി 80 വിഭാഗങ്ങളിലായി 250 കരിയർ വിദഗ്ധർ പങ്കെടുത്ത എഡുസൈൻ കരിയർ എക്സ്പോ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. രണ്ടുലക്ഷത്തോളം പേർ കരിയർ എക്സ്പോയിലെ ഗൈഡൻസ് ഡെസ്കുകളിൽ സേവനവും വിവരങ്ങളും തേടിയെത്തി. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, മതം തുടങ്ങിയ വിഭാഗങ്ങളിൽ പഠനങ്ങൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 സമ്മേളനങ്ങൾ നടന്നത്. ദീപു എസ് നായർ, പിഎൻ ഗോപീകൃഷ്ണൻ, രാഹുൽ റെഡ്ഡി (മൈക്രോസോഫ്റ്റ്), ഡോ. കെഎം അനിൽ, കെകെ ബാബുരാജ്, സുകുമാരൻ ചാലിഗദ്ധ, വിനിൽപോൾ, ഗോപിനാഥ് രവീന്ദ്രൻ, സനീഷ് ഇളയിടത്ത്, ടിഎം ഹർഷൻ, പികെ സുരേഷ്കുമാർ, ആർ രാജഗോപാൽ, രാജീവ് ശങ്കരൻ, എം ലിജു, വികെ സനോജ്, ഡോ. എൻ എൻ മുസ്ഥഫ, ഡോ. ശ്യാംകുമാർ, ഡോ. കെഎ നുഐമാൻ, ഡോ. പി ശിവദാസൻ തുടങ്ങിയ പ്രഗത്ഭരാണ് വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചത്.

വിവിധ പ്രസാധകരുടെതായി 5000 ലധികം പുസ്തകങ്ങളുടെ ശേഖരവുമായി നടന്ന ദേശീയ പുസ്തകോത്സവം സമ്മേളനത്തിലെ മുഖ്യ ആകർഷണമായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് പുസ്തകമേളയിലെത്തി പുസത്കങ്ങൾ സ്വന്തമാക്കിയത്. പുസ്തകോത്സവത്തോടനുബന്ധിച്ച് എസ് എസ് എഫ് പ്രസാധന സംരംഭമായ ഐ പി ബിയുടെ 50 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പുസ്തകമേളയിൽ സാഹിത്യ സംവാദങ്ങൾ, പുസ്തക ചർച്ചകൾ, സാംസ്കാരിക സംസാരങ്ങൾ എന്നിവയും നടന്നു. സംസ്ഥാനത്തെ 120 ഡിവിഷൻ കമ്മിറ്റികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാർഥികൾ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനവും ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നടന്നു. വിവിധ സാമൂഹിക പഠന സെഷനുകളും ചർച്ചകളും പ്രതിനിധി സമ്മേളനത്തിൽ നടന്നു.പ്രതിനിധികൾക്കു പുറമേ കണ്ണൂർ ജില്ലയിൽനിന്നുള്ള പ്രതിനിധികൾൾ വിവിധ ഉപ സമ്മേളനങ്ങളിൽ പങ്കെടുത്തു.

നമ്മൾ ഇന്ത്യൻ ജനത പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിന്ന ഗോൾഡൻ ഫിഫ്റ്റി പരിപാടികൾക്കാണ് സമാപനമായത്. ഒരു വർഷത്തിനിടെ പ്രമേയം മുന്നോട്ടു വെക്കുന്ന രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ദേശീയ സന്ദേശങ്ങളെ ആസ്പദിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.


Post a Comment

0 Comments