കാസർഗോഡ് റോഡിലെ കുഴിയിൽ സ്കൂട്ടർ വീണുണ്ടായ അപകടത്തെ തുടർന്ന് യുവാവിന്റെ കൈ മുറിച്ചുമാറ്റി. മേൽപ്പറമ്പ് സ്വദേശി പ്രകാശിനാണ് വലതു കൈ നഷ്ടമായത്. ഓഗസ്റ്റ് 30 ന് രാത്രി 8 മണിയോടെ ചെമ്മനാട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കാസർഗോഡ് നിന്ന് മേൽപ്പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രകാശൻ ഓടിച്ചിരുന്ന സ്‌കൂട്ടർ റോഡിലെ കുഴിയിൽ വീണു. വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റ പ്രകാശനെ പൊലീസ് ആണ് ആദ്യം കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എംആർഐ സ്കാനും, സിടി സ്‌കാനും എടുക്കുകയും ഡോക്ടർമാർ വിശ്രമം നിർദ്ദേശിക്കുകയും ചെയ്തു. പിറ്റേദിവസം കയ്യിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ് അണുബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്. തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. നാൽപതുകാരനായ പ്രകാശന്റെ ഉപജീവനമാർഗ്ഗമായിരുന്നു ഡ്രൈവർ ജോലി. വലതു കൈ നഷ്ടപ്പെട്ടതോടെ നിസ്സഹായാവസ്ഥയിലാണ് പ്രകാശനും കുടുംബവും. ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്. പ്രകാശന് അപകടം സംഭവിക്കുന്നതിന് ഒരാഴ്ച മുൻപ് മറ്റൊരു യുവാവ് ഈ പ്രദേശത്ത് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.

0 Comments