ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച തുടക്കമാകും

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച തുടക്കമാകും

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച തുടക്കമാകും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18 ആണ്.

പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ പ്രോസ്പക്ടസിലുണ്ടായിരുന്ന അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇത്തവണയുമെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ട് പ്രധാന അലോട്ട്മെന്റുകള്‍ മാത്രമേ ഉണ്ടായിരിക്കൂ.

ക്ലാസുകള്‍ ജൂണ്‍ 13 ന് ആരംഭിക്കുന്ന വിധത്തില്‍ പ്രവേശന നടപടികള്‍ നടപ്പാക്കുന്നതിനാണ് തീരുമാനം. നേരെത്ത പ്രവേശന നടപടികളില്‍ ഭേദഗതി വേണമെന്ന് ഹൈക്കോടതി, ബാലാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടി. പക്ഷേ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വരാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പ്രവേശന നടപടികള്‍ നടത്താന്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.


ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനു നല്‍കുന്ന മുന്‍ഗണ ഒഴിവാക്കുക, അണ്‍എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെയും കമ്യൂണിറ്റി സീറ്റുകളിലും ഏകജാലകം നടപ്പാക്കുക തുടങ്ങിയവയാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.

ഇതു വരെ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയവരുടെ റിസല്‍ട്ട് വന്നിട്ടില്ല. ഇതു എന്നു വരുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല. അതു കൊണ്ട് തന്നെ ഇത്തവണ ഹയര്‍ സെക്കന്‍ഡറി പ്രവേശനം കോടതി കയറുന്നതിന് സാധ്യതയുണ്ട്.

സംസ്ഥാന ഐ ടി  മിഷന്റെ സഹകരണത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന നടപടികള്‍. ആയിരക്കണക്കിന് അപേക്ഷകള്‍ ഒരേ സമയം കൈകാര്യം ചെയുന്നതിന് പ്രാപ്തമായ നാല് ക്ലൗഡ് സെര്‍വറുകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്.

പ്രധാന തീയതികള്‍

അപേക്ഷ സ്വീകരണം :മേയ് ഒമ്പത് മുതല്‍

അവസാന തീയതി :മേയ് 18

ട്രയല്‍ അലോട്ട്മെന്റ് :മേയ് 25

ഒന്നാം അലോട്ട്മെന്റ് :ജൂണ്‍ ഒന്ന്

രണ്ടാം അലോട്ട്മെന്റ് :ജൂണ്‍ 11

പ്ലസ് വണ്‍ ക്ലാസ് ആരംഭം :ജൂണ്‍ 13

സപ്ലിമെന്ററി അലോട്ട്മെന്റ് : ജൂണ്‍ 21 മുതല്‍

പ്രവേശനം അവസാനിപ്പിക്കുന്നത് : ജൂലായ് 19

Post a Comment

0 Comments