വെള്ളമിറങ്ങി; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പുനഃരാരംഭിക്കും

വെള്ളമിറങ്ങി; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പുനഃരാരംഭിക്കും



കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഞായറഴ്ച ഉച്ചയ്ക്ക് 12ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്കൊഴുക്കുന്നത്.

പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍ നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതിനാലാണ് വിമാനത്താവളം അടയ്ക്കേണ്ടി വന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നുവരെ അടച്ചിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ടാക്സി വേയില്‍ വെള്ളം കയറിയതിനാല്‍ വ്യാഴാഴ്ച രാത്രിയാണ് വിമാനത്താവളം അടച്ചത്. ഇനി ശക്തിയായി മഴ പെയ്തില്ലെങ്കില്‍, ഞായറാഴ്ച ഉച്ചയ്ക്ക് 12ന് സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

കനത്ത മഴയില്‍ വിമാനത്താവളത്തിന്റെ മതില്‍ ഇടിഞ്ഞിട്ടുണ്ട്. കുഴിപ്പള്ളം ഭാഗത്താണ് 100 മീറ്ററോളം ഭാഗം മതില്‍ ഇടിഞ്ഞത്. ഇവിടെ താത്കാലികമായി ഷീറ്റ് സ്ഥാപിച്ചിരിക്കുകയാണ്. റണ്‍വേ അടച്ചതിനാല്‍ കൊച്ചിയിലേക്കുള്ള ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരുന്നു. നിത്യേന ആഗമന-പുറപ്പെടല്‍ വിഭാഗങ്ങളിലായി 260 സര്‍വീസുകളാണ് കൊച്ചി വിമാനത്താവളത്തിലുള്ളത്.


Post a Comment

0 Comments