തസ്‌ലിം വധം; വിദേശത്തുള്ള സംഘത്തെ കസ്റ്റഡിയിലെടുക്കാന്‍ കര്‍ണാടക പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി

തസ്‌ലിം വധം; വിദേശത്തുള്ള സംഘത്തെ കസ്റ്റഡിയിലെടുക്കാന്‍ കര്‍ണാടക പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി



കാസര്‍കോട്: ചെമ്പരിക്ക സ്വദേശി സി എം  മുഹമ്മദ് തസ്‌ലിമിനെ (39)കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പോലീസ് ഇനിയും അറസ്റ്റ് ചെയ്തില്ല. കൊലപാതകം നടന്ന് 11 ദിവസം പിന്നിട്ടിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നാലുപേരടക്കം 16 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പര്യാപ്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
തസ്‌ലിം വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിദേശത്തുള്ള നാലു പേരെ കസ്റ്റഡിയിലെടുക്കാന്‍കര്‍ണാടക പോലീസ്  ഇന്റര്‍ പോളിന്റെ സഹായം തേടിയിരിക്കുകയാണ്. മംഗളൂരുവിലെ ജ്വല്ലറി കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ തസ്‌ലിം സഹതടവുകാരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ജയിലിനകത്തെ ചില തടവുകാര്‍ ഫോണിലൂടെ പുറത്തുള്ള ഗുണ്ടാ സംഘത്തെ അറിയിച്ചുവെന്നും ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ തങ്ങള്‍ അപകടത്തിലാകുമെന്ന് ആശങ്കപ്പെട്ട സംഘം കൊലപാതകം ആസൂത്രണം ചെയ്തുവെന്നുമാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം. തസ്‌ലിമിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന ഒരു വര്‍ഷം മുമ്പുവരെ ആരംഭിച്ചതായും നാട്ടിലും വിദേശത്തുമുള്ള സ്വര്‍ണ-മദ്യ മാഫിയാ സംഘങ്ങളാണ് കൊലയ്ക്കുപിന്നിലെന്നുമാണ് സൂചന.
മംഗളൂരു ജയിലില്‍ കഴിയുന്നതിനിടെ തസ്ലിമിനെതിരെ ജയിലിനകത്ത് വധഭീഷണി ഉയര്‍ന്നതോടെ ഇയാളെ ഗുല്‍ബര്‍ഗ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഉപ്പള സ്വദേശികളായ മൂന്നു പേരും ചെമ്പരിക്കയിലെ ഒരാളുമാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍മാരെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. തസ്‌ലിമിന്റെ മൃതദേഹം കണ്ടെടുത്ത കാര്‍ കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് വാടകയ്‌ക്കെടുത്ത് കടത്തിക്കൊണ്ടു പോയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാര്‍ നഷ്ടമായ സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കാര്‍ പല ആളുകളിലൂടെ തസ്‌ലിമിന്റെ കൈയിലെത്തുകയായിരുന്നു.

Post a Comment

0 Comments