വീടിന് തീപിടിച്ച് കൈക്കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേർ വെന്തു മരിച്ചു

വീടിന് തീപിടിച്ച് കൈക്കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേർ വെന്തു മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല അയന്തിയിലാണ് ദാരുണ സംഭവം. ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), മകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24), പേരക്കുട്ടി റയാൻ (എട്ടുമാസം) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.


 പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ (24) ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കച്ചവടം ചെയ്യുകയാണ് പ്രതാപൻ.

ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപടരുകയായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചു.


അഗ്നിശമനസേനയെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു.

അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.  ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments