കരി നിഴൽ വീഴ്ത്തി ചിത്താരിയെ മരവിപ്പിച്ച വിയോഗങ്ങൾ എഴുത്ത്: ബഷീർ ചിത്താരി

LATEST UPDATES

6/recent/ticker-posts

കരി നിഴൽ വീഴ്ത്തി ചിത്താരിയെ മരവിപ്പിച്ച വിയോഗങ്ങൾ എഴുത്ത്: ബഷീർ ചിത്താരി

 മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്നു പേരുടെ വേർപാട് അക്ഷരാർത്ഥത്തിൽ ചിത്താരിയെ നൊമ്പരത്തിന്റെ തിരമാലയിൽ ആഴ്ത്തി കളഞ്ഞു. ചില മരണങ്ങൾ അപ്രതീക്ഷിതവും ആകസ്മികവുമായി നമുക്ക് തോന്നുന്നത് അവർ ഇനിയും ജീവിക്കേണ്ടവരാണ് എന്ന് നമ്മൾ ആഗ്രഹിക്കുന്നത് കൊണ്ടാണ്. 

ഓരോ വേർപാടിലും നഷ്ടമായത് ഓരോ മേഖലയിൽ വിരാചിക്കുന്നവർ. ആദ്യം കേട്ടത് നോർത്ത് ചിത്താരി പള്ളി കുളത്തിൽ കുളിക്കുന്നതിനിടയിൽ മരണത്തെ പുണർന്ന വിടരും മുൻപേ കൊഴിഞ്ഞു പോയ മുഹവ്വിദ് എന്ന പതിനഞ്ചുകാരന്റെ തികച്ചും ആക്‌സ്മികമായ വേർപാടാണ്.

വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന മുഹവ്വിദിന്റെ കുടുംബം പാറപ്പള്ളി കാട്ടിപ്പാറയിൽ പുതിയ വീട് നിർമിച്ചു താമസം തുടങ്ങിയിട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. പുതിയ വീട്ടിൽ നിന്നും പള്ളി ദർസിൽ സജീവമാകാനുള്ള കരുതലിൽ ആയിരുന്നു ഈ പൊന്ന് താരകം.

ഈ വേർപാട് കുടുംബത്തിനും ഉസ്താതുമാർക്കും നാട്ടുകാർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല. പരലോകത്തു രക്ത സാക്ഷിയുടെ പ്രതിഫലം കിട്ടുന്ന വിയോഗം ആണെങ്കിലും നാടാകെ കരി നിഴൽ വീഴ്ത്തിയിരിക്കുകയാണ്...     രണ്ടാമത് കേട്ടറിഞ്ഞത്           

ചിത്താരി വി പി റോഡിലുള്ള കുവൈറ്റ്‌ അസിനാർച്ചാന്റെ മകന്റെ അകാല വിയോഗം ആ കുടുംബത്തിന് മാത്രമല്ല നാട്ടുകാർക്കും സമുദായത്തിനും ഒരേ പോലെ വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുവെ സൗമ്യനും ശാന്ത പ്രകൃതക്കാരനും ചെറുപത്തിലെ സ്നേഹിതനും ആയിരുന്നു റസാക്ക്, എന്നും മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന സൗഹൃദയത്തിനുടമ, ഇത്രയും പെട്ടെന്ന് കടന്ന് പോകേണ്ടവൻ ആയിരുന്നില്ല എന്ന് ഇപ്പോഴും മനസ്സ് മന്ത്രിക്കുന്നു. ജനിച്ചവർ ഏതായാലും എന്നായാലും തിരിച്ചു പോകേണ്ടവരും ആണല്ലോ എന്ന ചിന്തയിൽ ഇനി പാരത്രിക വിജയത്തിനുള്ള പ്രാർത്ഥന...

നട്ടുച്ചക്ക് ഇരുട്ട് പരത്തി മറ്റൊരു ദുഃഖ വാർത്ത അറിയുമ്പോൾ നാടിന്റെയും സമൂഹത്തിന്റെയും ഭാവി വാഗ്ദാനമായ, സന്നദ്ധ സേവകനും ഹരിത രാഷ്ട്രീയത്തിന്റെ പൊൻ മുകുളവുമായിരുന്ന, എം.എസ്.എഫ് ന്റെയും യൂത്ത് ലീഗിന്റെയും സജീവ പോരാളിയായിരുന്ന അബ്ദുള്ളയുടെ വിയോഗം ഉണ്ടാക്കിയ നടുക്കവും വേദനയും അത്ര പെട്ടെന്ന് ആ യുവാവിനെ അറിയുന്ന ആരുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല,

രാഷ്ട്രീയ ബോധം ഹൃദയത്തിൽ ഉടലെടുത്ത കാലം മുതൽ ഹരിത രാഷ്ട്രീയത്തിന്റെ നക്ഷത്ര ശോഭയിൽ തിളങ്ങി നിന്ന പുണ്യ തേജസായിരുന്നു അബ്ദുള്ള. ഇന്നലെ വരെ കളിച്ചു ചിരിച്ചു നടന്ന യുവാക്കൾ കഫം പുടവയണിഞ്ഞു ഇന്ന് ആറടി മണ്ണിലാണ്. ഈ മൂന്ന് നിഷ്കളങ്കരുടെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി.                       പാർട്ടിയെ ജീവന് തുല്യം പ്രണയിച്ച അബ്ദുള്ളയുടെ വേർപാട് ഉറ്റവരുടെയും ഉടയവരുടെയും  ഹൃദയത്തിൽ നിന്നും മനോമുകരത്തിൽ നിന്നും അത്ര പെട്ടന്നൊന്നും മാഞ്ഞു പോവില്ല. ഈ കർമ ഭടന് വേണ്ടിയുള്ള പ്രാർത്ഥനകളും ഓർമ്മകളും എന്നുമെന്നും ജ്വലിച്ചു നിൽക്കും.               _ബഷീർ ചിത്താരി

Post a Comment

0 Comments