മാണിക്കോത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം : ഞാറ് നടീൽ ഉത്സവം നടന്നു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം : ഞാറ് നടീൽ ഉത്സവം നടന്നു



 കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട്ടിൽ 2024 ഏപ്രിൽ 8 മുതൽ 12 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് ആവശ്യമായ വിഭവ സമാഹരണത്തിന്റെ ഭാഗമായി തറവാട് പരിസരത്തുള്ള വയലിൽ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ ഉത്സവം. നടന്നു.                അടോട്ട് മൂത്തേടത്ത് കുതിര പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന ആചാരസ്ഥാനികർ, ക്ഷേത്ര ഭാരവാഹികൾ, തറവാട് കമ്മിറ്റി ഭാരവാഹികൾ ആഘോഷ കമ്മിറ്റി ഭാരവാഹികൾ മറ്റ് ഭക്തജനങ്ങൾ എന്നിവർ തറവാട്ടിലെ പ്രാർത്ഥനയ്ക്ക് ശേഷം വയലിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഞാറ് നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ഒരു നാടിന്റെ കൂട്ടായ്മക്കും, കാർഷിക സംസ്കാരം തിരിച്ചുകൊണ്ടു വരുന്നതിലേക്കും  അതിലൂടെ ഭക്ഷ്യ സുരക്ഷ ഒരുക്കുന്നതിനും കൃഷിയിടങ്ങൾ തരിശിടാതെ പുതു തലമുറയ്ക്ക് കാർഷിക പാഠങ്ങൾ പകർന്നു നൽകുന്നതിനും സാധിക്കുമെന്ന് അവർ പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വച്ച്  പബ്ലിസിറ്റിയുടെ ആദ്യ ഫണ്ട് ഉത്തരമേഖല ക്ഷേത്ര സംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ തറവാട് സെക്രട്ടറിയിൽ നിന്നും ഏറ്റുവാങ്ങി. വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക്ലെറ്റ് താരീഫി ന്റെ പ്രകാശന കർമ്മവും രാജൻ പെരിയ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ,   ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലക്ഷ്മി തമ്പാൻ,അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡണ്ട് പി.കൊട്ടൻ കുഞ്ഞി, മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് എ. ബാലകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ അരയവളപ്പ്, മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി. വി.കെ ബാബു സ്വാഗതവും ആഘോഷ കമ്മിറ്റി ട്രഷറർ എം.കെ നാരായണൻ നന്ദിയും പറഞ്ഞു. അടോട്ട്  മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന ആചാര  സ്ഥാനികർ,ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, തറവാട്ട് കാരണവർ ആണ്ടി, ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. പതിവ് കൃഷി രീതിയിൽ നിന്നും വ്യത്യസ്തമായി പായ ഞാറ്റടി രീതിയിൽ വിത്ത് വിതച്ച് ഞാറ് തയ്യാറാക്കിയാണ് കൃഷിക്കായി ഉപയോഗിച്ചത്. ഇങ്ങനെ പായ ഞാറ്റടി രീതിയിൽ ഞാറ് ഉത്പാദിപ്പിക്കുമ്പോൾ കുറച്ച് വിത്തിൽ നിന്നും കൂടുതൽ ഞാറ്റടി തയ്യാറാക്കാൻ കഴിയുമെന്നും അതുമൂലം ചെലവ് കുറയ്ക്കാൻ സാധിക്കും എന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ ശാസ്ത്രീയമായ രീതിയിൽ ഉല്പാദിപ്പിച്ച ഞാറു ഉപയോഗിച്ച് ശാസ്ത്രീയമായ അകലത്തിൽ നടുമ്പോൾ കൂടുതൽ വിളവ് ലഭ്യമാക്കാൻ സഹായകമാകുകയും മാത്രമല്ല വിത്തിന്റെ മൂന്നിൽ ഒന്ന് ഭാഗം ഉപയോഗിച്ച് കൂടുതൽ കൃഷി ചെയ്യാൻ സാധ്യമാവുകയും ചെയ്യുന്നു.  കൃഷിയുടെ ആദ്യപടി എന്ന നിലയിൽ 15 ഏക്കർ സ്ഥലത്താണ് ഇപ്പോൾ ഞാറ് നട്ടിരിക്കുന്നത്. കൃഷിയിൽ നിന്നും സമാഹരിക്കുന്ന നെല്ല് ഉപയോഗിച്ച് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായകൂവം അളക്കുന്നതിനും അതുപോലെ തെയ്യം കെട്ടിനെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്നതിനും ഉപയോഗിക്കും. ആബാലവൃദ്ധം ജനങ്ങൾ ഞാറ് നടീൽ  ഉത്സവത്തിൽ പങ്കാളികളായി.

Post a Comment

0 Comments