കാസർകോട് ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി അജാനൂര്‍

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി അജാനൂര്‍
അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ മുഖേന കൈറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 30 വയസ്സ് മുതല്‍ 60വയസ്സ് വരെയുള്ളവരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത അജാനൂര്‍ ഗ്രാമപഞ്ചായത്ത് നേടിയത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, വാട്‌സ് അപ്പ് വിഡിയോ, ഓഡിയോ കോള്‍, ഫോട്ടോയും വിഡിയോയും ഡൗണ്‍ലോഡ് ചെയ്യല്‍, യൂട്യൂബ്, ഫെയ്‌സ്ബുക് എന്നിവ പരിചയപ്പെടുത്തല്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മനസ്സിലാക്കല്‍ തുടങ്ങിയവയാണ് പാഠ്യ വിഷയമായി ഉള്‍പ്പെടുത്തിയിരുന്നത്. 108 ക്ലാസുകളാണ് ഇതിനായി ലഭ്യമാക്കിയത്. 2013 ആളുകള്‍ ഡിജിറ്റല്‍ സാക്ഷരത നേടി. ഒരു പഠിതാവിന് രണ്ടു മണിക്കൂര്‍ വെച്ച് അഞ്ചുദിവസത്തെ  ക്ലാസുകളാണ് നല്‍കിയത്. 50 വയസ്സിനു മുകളിലുള്ളവരായിരുന്നു പഠിതാക്കളില്‍ കൂടുതലും. ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. ജില്ലാ സാക്ഷരതാ മിഷനും കൈറ്റും ചേര്‍ന്നാണ്  40 സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്. ഓരോ വാര്‍ഡിലെയും ക്ലാസുകള്‍ക്ക് വാര്‍ഡ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കി.


അജാനൂര്‍ ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ച് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ


സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ സാക്ഷരത പദ്ധതിയില്‍ ജില്ലയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് മാവുങ്കല്‍ വ്യാപാരഭവന്‍ ഹാളില്‍ നടന്ന പഞ്ചായത്ത് തല പ്രഖ്യാപന സമ്മേളന ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ജില്ലാതല സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്തില്‍ ഡിജിറ്റല്‍ സാക്ഷരത നേടിയ ആളുകള്‍ ഒന്നിച്ച് മൊബൈല്‍ ഫോണില്‍ ലൈറ്റ് എം.എല്‍.എയുടെ നേതൃത്വത്തില്‍  തെളിയിച്ചു കൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ.സബിഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബാലകൃഷ്ണന്‍, കെ.കൃഷ്ണന്‍, കെ.മീന, കെ.വി.ലക്ഷ്മി, കെ.മധു,                         പി.സുനിത, ഇംപ്ലിമെന്റ് ഓഫീസര്‍ വിഷ്ണു മാസ്റ്റര്‍, പദ്ധതി കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്‍ മാസ്റ്റര്‍, നോഡല്‍ പ്രേരക് എം.ഗീത, പ്രേരക് ദീപ, ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു എന്നിവര്‍  സംസാരിച്ചു. ഡിജിറ്റല്‍ സാക്ഷരത റിസോഴ്‌സസ് പേഴ്‌സണ്‍മാരായ കെ.സജിതകുമാരി, കെ.ടി.രജിഷ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments