ഫിഫ അനുമതി നിഷേധിച്ചു; അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലേക്കില്ല

ഫിഫ അനുമതി നിഷേധിച്ചു; അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലേക്കില്ല




ലോക ചാമ്പ്യന്‍മാരുടെ കളി കാണാന്‍ കാത്തിരുന്ന കേരളത്തിലെ ആരാധകര്‍ക്ക് വീണ്ടും നിരാശ. സൂപ്പര്‍ താരം ലയണല്‍ മെസിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും അടുത്ത മാസം കേരളത്തിലേക്കില്ല. മത്സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍മാരിലൊരാളായ ആന്റോ അഗസ്റ്റിന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.


അര്‍ജന്റീന ടീം നവംബറില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കൊച്ചി സ്റ്റേഡിയത്തിലെ നവീകരണ ജോലികള്‍ തുടങ്ങിയിരുന്നെങ്കിലും കൃത്യ സമയത്ത് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല.

ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. അടുത്ത വിന്‍ഡോയില്‍ അര്‍ജന്റീന കേരളത്തില്‍ വരുമെന്നും ഇക്കാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് വിശദീകരണം.


നവംബറില്‍ അംഗോളയില്‍ മാത്രമാണ് അര്‍ജന്റീന സൗഹൃദ മത്സരം കളിക്കുകയെന്ന് അര്‍ജന്റീന മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അര്‍ജന്റീനയുടെ എതിരാളികളാകാന്‍ പരിഗണിച്ച ഓസ്‌ട്രേലിയയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


നവംബര്‍ 14, 18 തീയതികളില്‍ വെനസ്വേലയ്ക്കും കൊളംബിയയ്ക്കുമെതിരെ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ടീമിനു മത്സരങ്ങളുണ്ട്.

Post a Comment

0 Comments