സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരെ കണ്ടുപരിചയം മാത്രമെന്ന് കുമ്മനം രാജശേഖരന്‍

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരെ കണ്ടുപരിചയം മാത്രമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്ക് ഹിന്ദു ഐക്യവേദിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന്‍. സ്വാമിയുമായി സന്യാസി സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴുള്ള കണ്ട പരിചയം മാത്രമേയുള്ളൂ. സ്വാമി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും കുമ്മനം പറഞ്ഞു. പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട സ്വാമി കുമ്മനത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

അതേസമയം സമയം കുമ്മനം അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദരെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2010ല്‍ മലബാറിലെ 120ഓളം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസം ബോര്‍ഡിന്റെ നീക്കത്തിനെതിരെ അന്നത്തെ മുഖ്യമന്ത്രി വി.എസിനെ സന്ദര്‍ശിച്ച കുമ്മനത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഈ സ്വാമിയുമുണ്ടായിരുന്നു. 2010 ജൂണിലാണ് സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

അന്ന് ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനത്തിനൊപ്പം ഗംഗേശാനന്ദ തീര്‍ത്ഥപാദരെക്കുടാതെ സ്വാമി വിമലാനന്ദ, നെട്ടയത്തെ സ്വാമി വിദ്യാനന്ദഗിരി, ചെങ്കോട്ടുകോണത്തെ ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നാണ് അന്ന് സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ആറന്‍മുള സമരത്തിന്റെ മുന്‍നിരയിലും സ്വാമിയുണ്ടായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ഹിന്ദുമത സ്ഥാപനങ്ങളിലെ സ്ഥിരം പ്രഭാഷകന്‍ കൂടിയാണ് തീര്‍ത്ഥപാദര്‍. സംഭവത്തെ തുടര്‍ന്ന് സ്വാമിയുടെ പ്രഭാഷണങ്ങളില്‍ നിന്നുള്ള വാചകങ്ങള്‍ ട്രോളുകളായി പ്രചരിക്കുന്നുണ്ട്. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് സ്വാമി തീര്‍ത്ഥപാദര്‍. ചായക്കട നടത്തി പരാജയപ്പെട്ട ഇയാള്‍ പിന്നീട് സന്യാസത്തിലേക്ക് തിരിയുകയായിരുന്നു.

Post a Comment

0 Comments