സത്യസന്ധരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍

സത്യസന്ധരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു: ഹൈദരലി ശിഹാബ് തങ്ങള്‍

ആലപ്പുഴ: സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍. ഡിജിപി സെന്‍കുമാര്‍, ദേവികുളം ആര്‍ഡിഒ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുടെ വിഷയങ്ങളിലെ സര്‍ക്കാര്‍ സമീപനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഉദ്യോഗസ്ഥര്‍ കേരള മോഡല്‍ വികസനത്തിന്റെ ശില്‍പ്പികളാണ്. അവരെ ഊളമ്പാറയ്ക്ക് അയക്കണമെന്ന തരത്തില്‍ വരുന്ന പ്രസ്താവനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ ദുരിതം വിതക്കുകയാണ്. ജീവനക്കാരെ അകറ്റി നിര്‍ത്തുന്ന സര്‍ക്കാരിന്റെ സമീപനം ശരിയല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പരിശുദ്ധരാവുകയും അഴിമതി രഹിത സമൂഹത്തിനായി മുന്‍കൈയെടുക്കുകയും വേണം. ആവശ്യവുമായി വരുന്നവരോട് ഉദ്യോഗസ്ഥര്‍ തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.

ജനാധിപത്യത്തിനൊപ്പം സിവില്‍സര്‍വ്വീസും സംരക്ഷിക്കപ്പെടണം. കേന്ദ്ര സര്‍ക്കാര്‍ ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. പല കാര്യങ്ങളും ജനങ്ങളിലേക്ക് അടിച്ചേല്‍പിക്കുന്ന സര്‍ക്കാര്‍ ഏകാധിപത്യസ്വഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം.

സമാധാനവും സൗഹാര്‍ദ്ദവും ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
സമ്മേളനത്തില്‍ എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് നിയമസഭ കക്ഷി ഉപനേതാവ് വി. കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, എസ്ടിയു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എ.എം. നസീര്‍,ട്രഷറര്‍ എച്ച്. ബഷീര്‍കുട്ടി, നഗരസഭ വൈസ്. ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, എ. ഇര്‍ഷാദ്, എസ്.എ അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ. എ റസാഖ്, ജെ. മുഹമ്മദ് കുഞ്ഞ്, ബി. എ ഗഫൂര്‍, എ. എം നൗഫല്‍, അമ്പലപ്പുഴ ശ്രീകുമാര്‍, സലാം കരുവാറ്റ, ഷെയ്ഖ് ബിജു, അക്ബറലി പാറക്കോട്, സി.എച്ച് ജലീല്‍, ബീരു പി. മുഹമ്മദ്, നാസര്‍ നങ്ങാരത്ത്, എം. എ ഹക്കീം, കെ. അബ്ദുല്‍ ബഷീര്‍, എം. സുബൈര്‍, പി. ഐ നൗഷാദ്, എ. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. അബൂബക്കര്‍ സ്വാഗതവും ട്രഷറര്‍ സിബി മുഹമ്മദ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിവില്‍ സര്‍വ്വീസ് അസ്തിത്വം അതിജീവനം സെമിനാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും ജനാധിപത്യം-ആധിപത്യം ആര്‍ക്ക് എന്ന സെമിനാര്‍ മാധ്യമ നിരൂപകന്‍ അഡ്വ. എ. ജയശങ്കറും ഉദ്ഘാടനം ചെയ്തു. പ്രകനടത്തിന് ശേഷം ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments