ന്യൂഡൽഹി: ചെറുകിട വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും ആശ്വാസം പകർന്ന് കേന്ദ്ര ജിഎസ്ടി കൗൺസിൽ തീരുമാനം. കേരളം സമർപ്പിച്ച പുതുക്കിയ നികുതി നിർദേശങ്ങൾ ഉൾപ്പെടെ അംഗീകരിച്ചാണ് 22–ാം കൗൺസിൽ യോഗം അവസാനിച്ചത്. 27 നിത്യോപയോഗ സാധനങ്ങളുടെ നികുതിയിൽ ഇളവു വരുത്തി. ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന്റെ മൂന്നുമാസമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നതെന്നും ഇക്കാലഘട്ടത്തിൽ നികുതി പിരിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം സ്വാഭാവികമാണെന്നും ധനമന്ത്രി അരുൺ ജയറ്റ്‌ലി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളിൽ പലതിന്റെയും ജിഎസ്ടി 28 ശതമാനത്തിൽ നിന്നും കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കൗൺസിലിൽ പങ്കെടുത്ത എല്ലാ സംസ്ഥാനങ്ങളും പ്രധാനമായും ആവശ്യപ്പെട്ടത് ചെറുകിട വ്യാപാര– കയറ്റുമതി മേഖലയിലെ ജിഎസ്ടി പുനർനിർണയിക്കണമെന്നായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. കൗൺസിലിലെ ചില പ്രധാന തീരുമാനങ്ങൾ:
∙ ഒരു കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ മൂന്നു മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി. പ്രതിമാസ റിട്ടേണിൽ നിന്നൊഴിവാക്കി.
∙ ജിഎസ്ടി, കോംപോസിഷൻ പരിധിയും ഒരു കോടിയായി ഉയർത്തി
∙ കയറ്റുമതിക്ക് നാമമാത്ര നികുതി; ജിഎസ്ടി 0.10 ശതമാനം മാത്രം.
∙ എസി റസ്റ്ററന്റിലെ ജിഎസ്ടി 18ൽ നിന്ന് 12 ശതമാനത്തിലേക്ക് കുറച്ചു. ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് നിർദേശം നൽകുന്നതിന് മന്ത്രിതല സമിതി.
∙ 2018 ഏപ്രിൽ മുതൽ കയറ്റുമതിക്കാരെല്ലാം ഇ വോലറ്റ് പരിധിയിൽ വരും.
∙ കയറ്റുമതിക്കാരുടെ നികുതി റീഫണ്ട് ഈ മാസം 10 മുതൽ ചെക്ക് വഴി നൽകും. ജൂലൈയിലെ കയറ്റുമതിക്ക് റീഫണ്ട് ചെക്കുകൾ ഒക്ടോബർ 10 മുതൽ; ഓഗസ്റ്റിലെ കയറ്റുമതിക്ക് റീഫണ്ട് ഒക്ടോബർ 18 മുതൽ.
∙ ഇ വേ ബില്ലിങ് ഏപ്രിൽ മുതൽ; ഇ–വോലറ്റ് ആറു മാസത്തിനകം.
∙ കോംപോസിഷൻ നികുതി വ്യാപാരികൾക്ക് 1%, ഉൽപാദകർക്ക് 2%, റസ്റ്ററന്റുകൾക്ക് 5%
∙ കരകൗശല വസ്തുക്കളുടെയും കയർ ഉൽപന്നങ്ങളുടെയും നികുതി കുറയ്ക്കും
∙ വില കുറയുന്ന വസ്തുക്കൾ: ചപ്പാത്തി, ബ്രാൻഡഡ് അല്ലാത്ത ആയുർവേദ മരുന്നുകൾ, ബ്രാൻഡഡ് അല്ലാത്ത മിക്സ്ചർ, നംകീൻ, ചിപ്സ്, മാർബിളും ഗ്രാനൈറ്റും ഒഴികെ നിർമാണാവശ്യത്തിനാവശ്യമായ കല്ലുകൾ, ഡീസൽ എൻജിന്റെ ഘടകങ്ങൾ, പമ്പിന്റെ ഘടകങ്ങൾ, കൈ കൊണ്ടുണ്ടാക്കിയ നൂൽ, കയർ ഉൽപന്നങ്ങൾ.
∙ സ്വർണ രത്ന വ്യാപാരത്തെ കളളപ്പണ തടയൽ നിയമത്തിൽനിന്ന് ഒഴിവാക്കി.
∙ 50000 രൂപയ്ക്കു മുകളിൽ സ്വർണം വാങ്ങാൻ പാൻ കാർഡ് വേണ്ട.
0 Comments