കണ്ണൂർ: മാഹിയിൽ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊപാതകമാണെന്ന് പൊലീസിന്റെ എഫ്.ഐ.ആർ. സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭ മുൻ കൗൺസിലറുമായ ബാബു കണ്ണിപ്പൊയിൽ (47), ബി.ജെ.പി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പെരിങ്ങാടിയിലെ ഷമേജ് (41) എന്നിവരാണ് മരിച്ചത്. ബാബുവിനെ വെട്ടിക്കൊന്നതിന് പകരമായാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
പള്ളൂരിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ബാബു വീട്ടിലേക്ക് മടങ്ങവെ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനടുത്തു വച്ച് അക്രമികൾ റോഡിൽ വളഞ്ഞിട്ട് വെട്ടിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാരമായിവെട്ടേറ്റ ഷമേജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരണമടഞ്ഞു. പെരുങ്ങാടി കല്ലായി അങ്ങാടിയിൽ മാധവൻ - വിമല ദമ്പതികളുടെ മകനാണ്.
ഹർത്താൽ തുടരുന്നു
കൊപാതകത്തിൽ പ്രതിഷേധിച്ച് മാഹിയിലും കണ്ണൂർ ജില്ലയിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സി.പി.എം ഹർത്താൽ നടത്തുകയാണ്. വാഹനങ്ങളെ ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. കടകന്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

0 Comments