ടി.കെ.കെ.സ്മാരക പുരസ്‌കാരം എം.എ.റഹ്മാന്

ടി.കെ.കെ.സ്മാരക പുരസ്‌കാരം എം.എ.റഹ്മാന്

കാഞ്ഞങ്ങാട് : രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യവും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ടി.കെ.കെ.നായരുടെ ഓര്‍മ്മയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 12മത് പുരസ്‌കാരം പ്രശസ്ത എഴുത്തുകാരനും സംവിധായകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എ.റഹ്മാന് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശില്‍പവും പ്രശംസാ പത്രവുമാണ് പുരസ്‌കാരം. കഥാകൃത്ത്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരപേരാളി, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ഡോക്യുമെന്ററി നിര്‍മ്മാതാവ്,  എന്നീ നിലകളില്‍ ശ്രദ്ധേയനായ എം.എ.റഹ്മാന്‍  ഉദുമ സ്വദേശിയാണ്.  ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന എം.എ.റഹ്മാന്റെ ഗ്രന്ഥത്തിന് ഇത്തവണത്തെ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അരജീവിതങ്ങളുടെ സ്വര്‍ഗം, ബഷീര്‍ ദ മാന്‍, കോവിലന്‍ എന്റെ അച്ചാച്ചന്‍, കുമരനെല്ലൂരിലെ കുളങ്ങള്‍, ചാലിയാര്‍ അതിജിവനത്തിന്റെപാഠങ്ങള്‍ തുടങ്ങിയ ഡോക്യൂമന്റികള്‍ക്ക് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 12 ന് വൈകിട്ട് 4ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ്പുരസ്‌കാര സമര്‍പ്പണം നടത്തുക. ഫൗണ്ടേഷന്‍ ചെയര്‍മാന്‍  അഡ്വ.സി.കെ.ശ്രീധരന്‍ അധ്യക്ഷനാവും.അഡ്വ.എം.സി.ജോസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. എ.വി.രാമകൃഷ്ണന്‍ ടി.കെ.കെ.അനുസ്മരണപ്രഭാഷണം നടത്തും. നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വ.കെ.രാജ്‌മോഹന്‍, മെട്രോ മുഹമ്മദ് ഹാജി, മുന്‍ എംഎല്‍എ എം.നാരായണന്‍, കൊവ്വല്‍ ദാമോദരന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, പ്രസ്‌ഫോറം പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജി എന്നിവര്‍ സംസാരിക്കും. ഫൗണ്ടേഷന്‍ ജനറല്‍സെക്രട്ടറി ടിമുഹമ്മദ് അസ്ലം സ്വാഗതവും സെക്രട്ടറി ടി.കെ.നാരായണന്‍ നന്ദിയും പറയും. പത്ര സ മ്മേളനത്തില്‍ ടി.കെ.കെ.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, ട്രഷറര്‍ എ.വി.രാമകൃഷ്ണന്‍, സെക്രട്ടറി ടി.കെ.നാരായണന്‍ എന്നിവര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments