
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിനായി നീക്കിവച്ച 1000 കോടി രൂപയില്‍ നവംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ഒരു രൂപ പോലും ചെലവഴിച്ചില്ല. ഇതുവരെയുള്ള പദ്ധതി അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിവരം. ആസൂത്രണ സാമ്ബത്തിക കാര്യവകുപ്പിന് കീഴിലാണ് റീബില്‍ഡ് കേരളയ്ക്ക് പ്രത്യേകവിഹിതമായി 1000കോടി നീക്കിവച്ചത്. ആസൂത്രണ സാമ്ബത്തികകാര്യ വകുപ്പിന് അല്ലാതെ 167.49കോടി അനുവദിച്ചതില്‍ 22.54കോടി ചെലവഴിച്ചിട്ടുണ്ട്. ചെലവ് 13.46ശതമാനം.
റീബില്‍ഡ് കേരളയുടെ ഭാഗമായി പഞ്ചായത്ത് റോഡുകള്‍, പൊതുമരാമത്ത് റോഡുകള്‍, പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ജീവനോപാധികള്‍ ലഭ്യമാക്കല്‍, പ്രളയത്തില്‍ നശിച്ച കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയ്ക്കായി 250 കോടി വീതമാണ് നീക്കിവച്ചത്. ഇതിലാണ് സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ഒരു രൂപയും ചെലവഴിക്കാത്തത്.
മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് മാത്രമാണ് കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത്. 61.31ശതമാനം. 23.5കോടി നീക്കിവച്ചതില്‍ ചെലവ് 14.4കോടിയാണ്. ആഭ്യന്തരവകുപ്പില്‍ 311.75കോടി രൂപ നീക്കിവച്ചതില്‍ 60.42 കോടി മാത്രമാണ് ചെലവഴിച്ചത് (19.38ശതമാനം). പൊതുഭരണവകുപ്പിലേക്ക് നീക്കിവച്ച 50.9കോടിയില്‍ ചെലവഴിച്ചത് 12.9കോടി (25.34ശതമാനം).
0 Comments