3 ദിവസം കൊണ്ട് കൊറോണ പിടിച്ചത് 6200 പേര്‍ക്ക്; അടുത്ത 10 ദിവസം നെഞ്ചിടിപ്പോടെ!

3 ദിവസം കൊണ്ട് കൊറോണ പിടിച്ചത് 6200 പേര്‍ക്ക്; അടുത്ത 10 ദിവസം നെഞ്ചിടിപ്പോടെ!




കേവലം മൂന്ന് ദിവസം കൊണ്ട് കൊറോണാവൈറസ് ബാധിതരുടെ എണ്ണം മൂന്നിരട്ടി കുതിച്ചുയര്‍ന്നതായി കണക്കുകള്‍. മാരകമായ വൈറസ് രോഗബാധ അടുത്ത പത്ത് ദിവസത്തില്‍ വ്യാപകമായി പടരുമെന്നാണ് ചൈന നല്‍കുന്ന മുന്നറിയിപ്പ്. ജനുവരി 26 വരെ 2014 രോഗികളെയാണ് വൈറസ് ബാധിച്ചതെന്ന് ലോകാരോഗ്യ സംഘടന കണക്ക് വ്യക്തമാക്കുന്നു.

എന്നാല്‍ ജനുവരി 29ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം കേസുകളുടെ എണ്ണം 6168 ആയി ഉയര്‍ന്നു. കൂടാതെ യുഎസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിച്ചു. കഴിഞ്ഞ ബുധനാഴ്ച 445 കേസുകള്‍ മാത്രം ഉണ്ടായിരുന്നിടത്താണ് ഒരാഴ്ചയ്ക്കിടെ 14 ഇരട്ടിയായി രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്.

2003ലെ സാര്‍സ് പകര്‍ച്ചവ്യാധിയേക്കാള്‍ വലുതാണ് ഇക്കുറി ചൈനയില്‍ നിന്നും പുറത്തുവന്നിരിക്കുന്ന പുതിയ കൊറോണാവൈറസെന്നാണ് ഇത് തെളിയിക്കുന്നത്. ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനിലുള്ള പ്രശസ്ത ശാസ്ത്രജ്ഞനാണ് അടുത്ത ദിവസങ്ങളില്‍ ഇന്‍ഫെക്ഷന്‍ കൂടുതല്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. അടുത്ത 10 ദിവസത്തില്‍ പ്രതിസന്ധി കൈവിട്ട് പോകുമെന്നാണ് ഡോ. സോംഗ് നാന്‍ഷാന്‍ പറയുന്നത്.

ഇതുവരെ മരിച്ച 132 പേരില്‍ ഭൂരിഭാഗവും പ്രഭവകേന്ദ്രമായ വുഹാനില്‍ താമസിച്ചവരാണ്. ഒടുവിലായി യുഎഇയിലും വൈറസ് സ്ഥിരീകരിച്ചതോടെ കൊറോണ എത്തിച്ചേര്‍ന്ന രാജ്യങ്ങളുടെ എണ്ണമേറി. വുഹാനില്‍ യാത്ര ചെയ്ത് മടങ്ങിയെത്തിയ ഒരു കുടുംബത്തിനാണ് വൈറസ് ബാധ തിരിച്ചറിഞ്ഞിരിക്കുന്നത്.

Post a Comment

0 Comments