കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിൽ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മണിപ്പൂർ ഐക്യദാർഢ്യ പ്രകടനത്തിൽ പങ്കെടുത്ത മുന്നൂറോളം പ്രവർത്തകർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസ്. മതസ്പർധ വളർത്തൽ, നിയമ വിരുദ്ധമായി സംഘം ചേരൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനവ്യാപകമായി ഇന്നലെ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടത്തിയ റാലിയിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്.അതേസമയം റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കിയതായി മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു . മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പുറത്താക്കിയ കാര്യം വാർത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്.
ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ചു നൽകിയതിൽ നിന്നും വ്യതിചലിച്ചുമാണ് സലാം മുദ്രാവാക്യം വിളിച്ചതെന്നും ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബുവാണ് കാഞ്ഞങ്ങാട് നടന്ന റാലി ഉദ്ഘാടനം ചെയ്തത്.
0 Comments